പാലക്കാട്: കഴിഞ്ഞ ദിവസം പരേതനായ ഉടമയ്‌ക്ക് ഗതാഗത നിയമലംഘനത്തിന് എഐ ക്യാമറ പിഴയിട്ട സംഭവത്തിൽ പിഴവ് സമ്മതിച്ച് മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന്റെ ഒരക്കം മാറിപ്പോയതാണ് പിഴവിന് കാരണം. പാലക്കാട് എൻഫോഴ്സ്മെന്റ് ആർടിഒ ജയേഷ് കുമാറാണ് ഇക്കാര്യം പറഞ്ഞത്. തങ്ങളുടെ പിഴവായതിനാൽ പിഴയടക്കേണ്ടതില്ലെന്നും ആർടിഒ പറഞ്ഞു.
ഒരു ദിവസം 1500-ഓളം ചലാനുകളാണ് എഐ ക്യാമറ വഴി അയയ്‌ക്കുന്നത്. ഇതിൽ ഒന്നോ രണ്ടോ ചെല്ലാനുകളിൽ രജിസ്റ്റർ നമ്പർ മാറി പോകുന്നത് പോലുള്ള പിഴവുകൾ ഉണ്ടാകാം. ചില സമയങ്ങളിൽ ക്യാമറയിൽ തെളിയുന്ന ചിത്രങ്ങളിൽ നമ്പർ പ്ലേറ്റ് കൃത്യമായി തെളിയണമെന്നില്ല. ഒരു ഡിജിറ്റിന്റെ ഭാഗം മാഞ്ഞുപോവുകയോ വ്യക്തത കുറവുണ്ടാകുകയോ ചെയ്തേക്കാം. ചില അവസരങ്ങളിൽ മാനുഷികമായ പിഴവുകളും സംഭവിക്കാറുണ്ടെന്ന് ആർടിഒ അധികൃതർ അറിയിച്ചു.
ഇത്തരത്തിൽ പിഴവുകൾ സംഭവിക്കുകയാണെങ്കിൽ വാഹന ഉടമയ്‌ക്ക് കൺട്രോൾ റൂമിൽ ബന്ധപ്പെടാവുന്നതാണ്. അത്തരം സാഹചര്യങ്ങളിൽ പെട്ടെന്ന് തന്നെ പിഴവുകൾ പരിഹരിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ഒന്നരവർഷം മുൻപ് മരിച്ച പിതാവിന്റെ പേരിൽ എഐ ക്യാമറയുടെ നോട്ടീസ് കിട്ടിയത്. പിൻ സീറ്റിൽ യാത്ര ചെയ്ത ആൾ ഹെൽമറ്റ് ധരിച്ചിട്ടില്ലെന്ന് കാണിച്ചായിരുന്നു നോട്ടീസ്. പഞ്ചറായി കിടക്കുന്ന വണ്ടി അച്ഛൻ മരിച്ച ശേഷം പുറത്തു പോലും എടുത്തിട്ടില്ലെന്ന് മക്കൾ പറഞ്ഞു.
Comments