ന്യൂഡൽഹി: റിട്ടയേർഡ് ജഡ്ജി നീലകണ്ഠ് ഗഞ്ചൂവിന്റെ കൊലപാതകത്തിൽ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജമ്മു കശ്മീർ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി വീണ്ടും അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ പൊതുജനങ്ങൾ മുന്നോട്ട് വരാനും സംഭവങ്ങളുടെ വിവരങ്ങൾ പങ്കിടാനും ഏജൻസി ഒരു പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.
“മൂന്ന് പതിറ്റാണ്ട് മുമ്പ് നടന്ന ജഡ്ജി നീലകണ്ഠ് ഗഞ്ചൂവിന്റെ കൊലപാതകത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന കണ്ടെത്തുന്നതിന്, ഈ കൊലപാതക കേസിന്റെ വസ്തുതകളോ സാഹചര്യങ്ങളോ അറിയാവുന്ന എല്ലാ ആളുകളോടും മുന്നോട്ട് വന്ന് വിവരങ്ങൾ പങ്കിടാൻ സംസ്ഥാന അന്വേഷണ ഏജൻസി (എസ്‌ഐഎ) അഭ്യർത്ഥിക്കുന്നു. അത്തരം എല്ലാ വ്യക്തികളുടെയും ഐഡന്റിറ്റി പൂർണ്ണമായും മറച്ചുവെക്കുകയും പരിരക്ഷിക്കുകയും ചെയ്യുമെന്നും ഉപയോഗപ്രദവും പ്രസക്തവുമായ എല്ലാ വിവരങ്ങൾക്കും ഉചിതമായ പ്രതിഫലം നൽകുമെന്നും പ്രസ്താവന പറയുന്നു.
ആരായിരുന്നു നീലകണ്ഠ് ഗഞ്ചു?
ജമ്മു കശ്മീർ സർവ്വീസിലെ ഒരു സെഷൻസ് കോടതി ജഡ്ജി ആയിരുന്നു നീലകണ്ഠ് ഗഞ്ചു. ജമ്മു കശ്മീരിലെ ആദ്യകാല തീവ്രവാദി ആയിരുന്ന JKLF സ്ഥാപകൻ മഖ്ബൂൽ ഭട്ടിനെതിരെയുള്ള കേസുകൾ കേട്ടത് ഇദ്ദേഹമായിരുന്നു.1966-ൽ മഖ്ബൂൽ ഭട്ട്, പോലീസ് ഇൻസ്പെക്ടർ അമർ ചന്ദിനെ കൊലപ്പെടുത്തിയ കേസിൽ അദ്ദേഹമായിരുന്നു ജഡ്ജി.1968 ഓഗസ്റ്റിൽ അദ്ദേഹം ഭട്ടിനെയും മറ്റൊരാളെയും വധശിക്ഷയ്‌ക്ക് വിധിച്ചു. സുപ്രീം കോടതി1982-ൽ ഈ വിധി ശരിവച്ചു.1984 ഫെബ്രുവരി 11ന് ഡൽഹിയിലെ തിഹാർ ജയിലിൽ ഭട്ടിനെ തൂക്കിലേറ്റി.
കശ്മീർ തീവ്രവാദത്തിന്റെ വിത്ത് പാകിയ ഭീകരനാണ് നാഷണൽ ലിബറേഷൻ ഫ്രണ്ടിന്റെ (എൻഎഫ്എൽ) സഹസ്ഥാപകനായ മഖ്ബൂൽ ഭട്ട് . ആസാദ് കശ്മീർ പ്ലെബിസൈറ്റ് ഫ്രണ്ടുമായി ബന്ധമുള്ള ഒരു സൈനിക വിഭാഗമായിരുന്നു അത്. എൻഎഫ്എൽ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ മുൻഗാമിയാണ്.
1938 ഫെബ്രുവരി 18ന് ഇന്നത്തെ കുപ്‌വാര ജില്ലയിലാണ് ഭട്ട് ജനിച്ചത്. കോളേജ് പഠനകാലത്ത് മിർസ അഫ്സൽ ബേഗിന്റെ പ്ലെബിസൈറ്റ് ഫ്രണ്ടുമായി ബന്ധപ്പെട്ട അയാൾ, 1958 ഓഗസ്റ്റിൽ, ഷെയ്ഖ് അബ്ദുള്ളയുടെ (ഫാറൂഖ് അബ്ദുള്ളയുടെ പിതാവ്) അറസ്റ്റിനെത്തുടർന്ന്പാകിസ്ഥാനിലേക്ക് പോയി. അവിടെ പെഷവാർ സർവകലാശാലയിൽ ചേരുകയും ഉറുദു സാഹിത്യത്തിൽ എംഎ നേടുകയും ചെയ്തു. പിന്നീട് അമാനുള്ള ഖാനുമായി ചേർന്ന് AKPF ന്റെ ഒരു സായുധ വിഭാഗം നാഷണൽ ലിബറേഷൻ ഫ്രണ്ട് (NFL) എന്ന പേരിൽ സ്ഥാപിച്ചു.
കശ്മീർ താഴ്‌വരയിൽ വച്ച് സിഐഡി ഉദ്യോഗസ്ഥൻ അമർ ചന്ദിനെയും ബ്രിട്ടണിലെ ഇന്ത്യൻ നയതന്ത്രജ്ഞൻ രവീന്ദ്ര മഹാത്രേയെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിൽ ഭട്ടിന് പങ്കുണ്ട് . ഗംഗ എന്ന ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ സംഭവത്തിലും ഇയാൾക്ക് പങ്കുണ്ട്. 36 എൻഎഫ്എൽ ഭീകരരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈജാക്കർമാർ വിമാനം ലാഹോറിലേക്ക് കൊണ്ടുപോയി സ്‌ഫോടനത്തിൽ തകർത്തു.
ഭട്ടിനെ അട്ടിമറിക്കും കൊലപാതകത്തിനും വിചാരണ ചെയ്തു. 1968 സെപ്തംബറിൽ അന്നത്തെ സെഷൻ കോടതി ജഡ്ജി നീലകണ്ഠ് ഗഞ്ചൂ അദ്ദേഹത്തെ കുറ്റക്കാരനാക്കി വധശിക്ഷ വിധിച്ചു. എന്നാൽ അതേ വർഷം ഡിസംബറിൽ, മഖ്ബൂൽ ബട്ട് തന്റെ കൂട്ടാളികളിലൊരാൾക്കൊപ്പം ജയിൽ ചാടി നിയന്ത്രണ രേഖ കടന്ന് രക്ഷപെട്ടു . 1976-ൽ തിരിച്ചെത്തിയമഖ്ബൂൽ ഇത്തവണ കുപ്‌വാരയിൽ ബാങ്ക് കവർച്ചയ്‌ക്ക് ശ്രമിച്ച് പരാജയപ്പെട്ടു. കവർച്ച നടത്താനുള്ള ശ്രമത്തിൽ, അയാൾ ബാങ്ക് മാനേജരെ കൊലപ്പെടുത്തി, അതിന് വീണ്ടും വധശിക്ഷ വിധിച്ചു. മഖ്ബൂൽ ബട്ടിനെ പിടികൂടിയ ശേഷം, ഇയാളുടെ സഹ തീവ്രവാദികൾ ഇംഗ്ലണ്ടിലേക്ക് പോയി അവിടെ 1977 ൽ ‘ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട്’ എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചു. 1984 ഫെബ്രുവരിയിൽ, മഖ്ബൂൽ ബട്ടിനെ ജയിലിൽ നിന്ന് പുറത്താക്കാൻ ഈ സംഘടനയുമായി ബന്ധമുള്ള നാഷണൽ ലിബറേഷൻ ആർമി ഇന്ത്യൻ ഹൈക്കമ്മീഷണർ രവീന്ദ്ര മഹാരെയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഈ സംഭവത്തിന് ശേഷം ഒന്നിലധികം അപേക്ഷകൾ നിരസിക്കപ്പെട്ടതിനെത്തുടർന്ന്, ഇന്ത്യൻ സർക്കാർ 1984 ഫെബ്രുവരി 11-ന് തിഹാർ ജയിലിൽ മഖ്ബൂൽ ബട്ടിനെ തൂക്കിലേറ്റി.
ഇതിന്റെ പ്രതികാരമായി1989 നവംബർ 4 ന്, ശ്രീനഗറിലെ ഹൈക്കോടതിക്ക് സമീപം ഹരി സിംഗ് സ്ട്രീറ്റ് മാർക്കറ്റിൽ വെച്ച് ഭീകരർ ഗഞ്ചുവിനെ വളയുകയും വെടിവെച്ച് കൊല്ലുകയും ചെയ്തു. ആ മൃതദേഹത്തിൽ തൊടരുത് എന്ന ജെകെഎൽഎഫ് ന്റെ ഭീഷണി കാരണം ഒരു ദിവസത്തോളം അത് ഹരി സിംഗ് സ്ട്രീറ്റ് മാർക്കറ്റിൽ അനാഥമായി കിടന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
1989 ൽ ഏതാനും ആഴ്ചകൾക്കുള്ളിൽ ഒരു പ്രമുഖ കശ്മീരി പണ്ഡിറ്റിന്റെ രണ്ടാമത്തെ കൊലപാതകമായിരുന്നു ജഡ്ജി ഗഞ്ചൂവിന്റെ മരണം. നേരത്തെ, സെപ്റ്റംബറിൽ ഭാരതീയ ജനതാ പാർട്ടി നേതാവ് ടിക ലാൽ തപ്ലൂ കൊല്ലപ്പെട്ടിരുന്നു. കാശ്മീരിൽ മുസ്‌ലിം തീവ്രവാദികൾ പണ്ഡിറ്റുകളെ ആട്ടിയോടിക്കുന്നതിന്റെ തുടക്കം ഈ സംഭവങ്ങളിൽ ആയിരുന്നു.
വർഷങ്ങൾക്ക് ശേഷം ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ നേതാവ് യാസിൻ മാലിക് ബിബിസിക്ക് നൽകിയ ഒരു അഭിമുഖത്തിൽ ജസ്റ്റിസ് ഗഞ്ചുവിനെ കൊന്നത് താനാണെന്ന് സമ്മതിച്ചിരുന്നു. ഈ കേസിലും ഇയാൾ പ്രതിയാണ്.
Comments