ചെന്നൈ: നിലവിലെ ചാമ്പ്യൻമാരായ ദക്ഷിണകൊറിയയെ കീഴടക്കി ഇന്ത്യ ഏഷ്യൻ ചാമ്പ്യൻ ട്രോഫി ഹോക്കിയിലെ കുതിപ്പ് തുടരുന്നു. 3-2 ന് ദക്ഷിണകൊറിയയെ തോൽപ്പിച്ചതോടെ ഇന്ത്യ സെമിഫൈനൽ ബെർത്ത് ഉറപ്പിച്ചു. ഇന്ത്യയ്ക്കായി നീൽകാന്ത് ശർമ്മ, ഹർമൻപ്രീത് സിംഗ്, മൻദീപ് സിങ് എന്നിവർ ഗോൾ നേടി. 4മത്സരങ്ങളിൽ 3 ജയവും ഒരു സമനിലയും സഹിതം 10 പോയിന്റുമായി ഇന്ത്യ ഗ്രൂപ്പിൽ ഒന്നാമതാണ്.
ബുധനാഴ്ച രാത്രി 8.30 ന് നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ പാകിസ്താനെ നേരിടും. മത്സരത്തിൽ പരാജയപ്പെട്ടാലും ഗോൾ ശരാശരിയിൽ മുന്നിലായതിനാൽ ഇന്ത്യയ്ക്ക് സെമി കളിക്കാം. ജപ്പാനെ 3-1 ന് പരാജയപ്പെടുത്തി ഒമ്പത് പോയിന്റുമായി മലേഷ്യയും സെമി ഉറപ്പിച്ചു.
കൊറിയൻ പ്രതിരോധത്തെ കബളിപ്പിച്ചാണ് ഇന്ത്യ മനോഹരമായ ആദ്യഗോൾ നേടിയത്. സുമിത് നൽകിയ പാസ് സ്വീകരിച്ച സുഖ്ജീത് സിംഗ് മുന്നോട്ട് കുതിച്ച് നിൽകാന്ത് ശർമ്മയ്ക്ക് കൈമാറി. ടീമിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി ഇന്നലെ നടന്ന മത്സരത്തിലൂടെ ഹർമ്മൻ പ്രീത് മാറി. എല്ലാ മത്സരത്തിലും ഗോൾ നേടിയ താരം 5 ഗോളുകളാണ് ഇതുവരെ ടീമിനായി നേടിയത്.
Comments