പാലക്കാട്: സംസ്ഥാനത്ത് തകൃതിയായി കൈക്കൂലി പണം ഒഴുകുന്നു. മോട്ടോർ വാഹന വകുപ്പിന്റെ ഗോവിന്ദപുരം ചെക്പോസ്റ്റിൽ നികുതിയിനത്തിൽ സർക്കാരിന് പ്രതിദിന വരുമാനം 12,900 രൂപയെന്നാണ് കണക്ക്. കണക്കുകൾ ഇങ്ങനെയാണെങ്കിലും മണിക്കൂറുകൾക്കുള്ളിൽ ഉദ്യോഗസ്ഥർ പിടിച്ചെടുക്കുന്നത് 16,450 രൂപയാണ്.വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
ചരക്കുവാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അതിർത്തിയിൽ യാതൊരുവിധ പരിശോധനകളുമില്ലാതെ കടത്തിവിടുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്. വേഷം മാറിയെത്തിയ ഉദ്യോഗസ്ഥരാണ് കൈക്കൂലി പണം വാങ്ങുന്നതും ഒളിപ്പിക്കുന്നതും കണ്ടെത്തിയത്. സമീപത്തെ ചായക്കടക്കാരൻ ചായ നൽകാൻ എന്ന വ്യാജേന ചെക്ക്പോസ്റ്റിലെത്തി ജീവനക്കാരിൽ ഒരാൾക്ക് ഒരു കെട്ട് നോട്ട് കൈമാറുന്നത് കയ്യോടെ പിടികൂടുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ കൗണ്ടറിനകത്ത് പല ഭാഗത്തുനിന്നും കടലാസിൽ പൊതിഞ്ഞ നിലയിൽ 16,450 രൂപ കണ്ടെടുത്തു. ചെക്പോസ്റ്റിൽ നികുതിയും പിഴയും മറ്റുമായി ഒരു ദിവസം സർക്കാരിനുള്ള വരുമാനം 12,900 രൂപയാണെന്നും കണക്കുകളിൽ വ്യക്തമായി. ചെക്പോസ്റ്റ് വളപ്പിലെ വാഴത്തണ്ടിനിടയിലും സമീപത്തെ ക്ഷേത്രത്തിന്റെ ഓവുചാലിലും വരെയാണ് കള്ളപ്പണം ഒളിപ്പിച്ച് കടത്തുന്നത്.
Comments