കേരളത്തിലെ അതിപുരാതന ക്ഷേത്രമാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്ഥിതി ചെയ്യുന്ന മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രം. ശിവസർപ്പവും മഹാദേവന്റെ കണ്ഠാഭരണവുമായ വസുകിയും നാഗാമാതാവായ നാഗയക്ഷിയും നാഗരാജാവിന്റെ മറ്റൊരു രാജ്ഞിയായ നാഗയക്ഷിയും സഹോദരി നാഗചാമുണ്ഡിയുമാണ് മുഖ്യപ്രതിഷ്ഠകൾ. ക്ഷേത്രത്തോട് ചേർന്നുള്ള ഇല്ലത്തിന്റെ നിലവറയിൽ വിഷ്മു സർപ്പവും മഹാവിഷ്ണുവിന്റെ ശയനവുമായ ആദിശേഷൻ കുടികൊള്ളുന്നു.അപ്പൂപ്പൻ എന്നാണ് ദേവനാഗം അറിയപ്പെടുന്നത്. മഹാഗണപതി, ഗുർഗ, ഭദ്രകാളി, പരമശിവൻ, ധർമ്മശാസ്താവ് എന്നീ ഉപദേവതകളും ക്ഷേത്രത്തിലുണ്ട്.
കിഴക്കോട്ടാണ് ക്ഷേത്രത്തിൽ ദർശനം. ശൈവ-വൈഷ്ണവ സങ്കൽപ്പത്തിലെ നാഗാരാധനയുടെ സമന്വയമാണ് ഇവിടം. നാഗദേവതകളുടെ വിശ്വാസികളുടെ പ്രധാന തീർത്ഥാടന കേന്ദ്രമാണ് ഇവിടം. തുലാമാസത്തിലെ ആയില്യം ആഘോഷങ്ങൾക്കാണ് മണ്ണാറശാലയിൽ പ്രാധാന്യം. ഇന്നേ ദിവസം അമ്മയെ ദർശിച്ച് അനുഗ്രഹം വാങ്ങിയാൽ സർപ്പദോഷങ്ങൾ അകലുമെന്നാണ് വിശ്വാസം.
ആയില്യം നാളിൽ അമ്മ ക്ഷേത്രത്തിൽ നിന്ന് നാഗരാജാവായ വാസുകിയെ ഇല്ലത്തേക്ക് എഴുന്നുള്ളിക്കുന്നു. ഇതിനെയാണ് ആയില്യം എഴുന്നള്ളത്തെന്ന് പറയുന്നത്. ആയില്യം എഴുന്നള്ളത്ത് ദർശിച്ച് മടങ്ങിയാൽ നാഗദേവതാ പ്രീതിയിലൂടെ സന്താനഭാഗ്യം, രോഗശമനം, ദാമ്പത്യസൗഖ്യം, മാനസിക ശാരീരിക ആരോഗ്യം, വിദ്യാഭ്യാസ ഉയർച്ച, മനഃസുഖം തുടങ്ങി സർവ ഗുണങ്ങളും കൈവരുമെന്നാണ് വിശ്വാസം. ഈ പൂജയുടെ അവസാന ഘട്ടത്തിൽ നടത്തുന്ന മറ്റൊരു വിശേഷപൂജയാണ് തട്ടിന്മേൽ നൂറും പാലും. ആയില്യം പൂജകൾക്ക് ശേഷം അമ്മയുടെ അനുമതി വാങ്ങി കുടുംബ കാരണവർ നടത്തുന്ന തട്ടിന്മേൽ നൂറും പാലോടെയാണ് ആയില്യം ചടങ്ങുകൾ പൂർത്തിയാകുന്നത്. സന്തതി പരമ്പരകളെ സർപ്പദോഷത്തിൽ നിന്ന് രക്ഷിക്കാനും കുടുംബത്തിൽ സർവഐശ്വര്യത്തിനും നടത്തുന്ന ഉത്തമ വഴിപാടാണ് നൂറുപാലും.
സന്താന സൗഭാഗ്യത്തിനായി ഭക്തജനങ്ങൾ ക്ഷേത്രത്തിലെത്തി ഉരുളി കമഴ്ത്തൽ വഴിപാടും കഴിക്കുന്നു. മണ്ണാറശാലയിലെ മറ്റൊരു പ്രധാന വഴിപാടാണ് ഉരുളി കമഴ്ത്തൽ. പുത്രഭാഗ്യമില്ലാത്തവർ സന്താനഭാഗ്യത്തിനായാണ് ഇവിടെ വന്ന് ഉരുളി കമഴ്ത്തുന്നത്. കുഞ്ഞുണ്ടായി ആറ് മാസത്തിനകം ക്ഷേത്രത്തിൽ എത്തി കമിഴ്ത്തിവച്ച ഉരുളി നിവർത്തി പായസം വച്ച് സർപ്പങ്ങൾക്ക് നിവേദിക്കുന്നു.
ഐതീഹ്യം
സന്താനങ്ങളില്ലാത്തതിന്റെ ദുഖവുമായി കഴിഞ്ഞിരുന്ന ബ്രാഹ്മണ ദമ്പതികളായ വസുദേവനും ശ്രീദേവിയും സന്താനലബ്ധിക്കായി സർപ്പരാജാവിനെ പൂജിച്ചു വരികയായിരുന്നു. ഈ സമയത്ത് നാഗരാജവിന്റെ അധിവാസസ്ഥലത്ത് കാട്ടുതീയുണ്ടായി. തീയിൽ അകപ്പെട്ട സർപ്പങ്ങളെ ദമ്പതികൾ പരിചരിച്ചു. ദമ്പതികളുടെ പരിചരണത്തിൽ സർപ്പദൈവങ്ങൾ സന്തുഷ്ടരായി. ശ്രീദേവി അന്തർജനം അഞ്ചുതലയുളള സർപ്പശിശുവിനും മനുഷ്യശിശുവിനും ജന്മം നൽകി. മനുഷ്യശിശു ഗൃഹസ്ഥാശ്രമത്തിലേക്ക് കടന്നപ്പോൾ സർപ്പരൂപത്തിൽ ഇല്ലത്ത് സഞ്ചരിക്കുവാൻ കഴിയില്ലെന്ന് പറഞ്ഞ് നാഗരാജാവ് ശാന്തമായ ഏകാന്ത സങ്കേതത്തിലേയ്ക്ക് നീങ്ങിയെന്നുമാണ് ഐതീഹ്യം.
മണ്ണാറശാല നാഗരാജാക്ഷേത്രത്തിലെ പൂജകർമ്മങ്ങൾ നടത്തുന്നത് സ്ത്രീകളാണ്. പൂജകർമ്മങ്ങൾ നടത്തുന്ന അന്തർജനത്തെ വലിയമ്മ എന്നാണ് വിളിക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന പൂജകളെല്ലാം വലിയമ്മയാണ് നടത്തുക. എല്ലാ മലയാള മാസവും ഒന്നാം തീയതി, പൂയം നക്ഷത്രം, മകരത്തിലെ കറുത്ത വാവ് മുതൽ കുംഭത്തിലെ ശിവരാത്രി വരെ, കർക്കിടകം ഒന്ന് മുതൽ പന്ത്രണ്ട് വരെ, ചിങ്ങത്തിലെ തിരുവോണം, കന്നി തുലാം മാസങ്ങളിലെ ആയില്യത്തിന് മുൻപുള്ള 12 ദിവസം എന്നിവയാണ് വലിയമ്മ നേരിട്ട് നടത്തുന്ന പൂജകൾ. ക്ഷേത്രത്തിലെ സർപ്പബലി, ഇല്ലത്തും നിലവറയിലും അപ്പൂപ്പൻ കാവിലും നൂറും പാലും തുടങ്ങിയ ചടങ്ങുകളുടെ കാർമ്മികത്വവും വലിയമ്മയാണ് ചെയ്യുക. മണ്ണാറശാല ഇല്ലത്തിൽ വിവാഹം കഴിച്ചെത്തുന്ന ഏറ്റവും മുതിർന്ന അംഗമാണ് മണ്ണാറശാല അമ്മയായി മാറുക.
ക്ഷേത്രത്തിലെ പൂജകൾ ആദ്യം പുരുഷന്മാർ തന്നെയായിരുന്നു നടത്തിയിരുന്നത്. ഒരിക്കൽ കന്നി ആയില്യത്തിന് തലേദിവസം പൂജാരിയായിരുന്ന നമ്പൂതിരിയ്ക്ക് അശുദ്ധി വന്നു. അതോടെ ഉച്ചയ്ക്ക് പൂജ നടത്താൻ ആളില്ലാതെയായി. ഇല്ലത്തെ അന്തർജനം കഠിനമായി പ്രാർത്ഥിച്ചു. ഇല്ലത്തിനെ ആപത്തിൽ പെടുത്താതെ ആയില്യ പൂജ മുടങ്ങരുതേ എന്നായിരുന്നു പ്രാർത്ഥന. അപ്പോൾ ഉച്ച പൂജയും ആയില്യ പൂജയും ഇവർ തന്നെ നടത്തട്ടെയെന്ന അശരീരി മുഴങ്ങി. അപ്രകാരം അന്തർജനം പൂജകൾ ചെയ്തു. പിന്നീട് ഇവർ തന്നെ ക്ഷേത്രത്തിലെ പൂജകൾ ചെയ്ത് തുടങ്ങി. ജീവിതം വെടിഞ്ഞ് പൂജയും വ്രതവുമായി കഴിഞ്ഞതോടെ വലിയമ്മ എന്ന സ്ഥാനം ലഭിച്ചു. അങ്ങനെയാണ് ഇല്ലത്തെ അന്തർജനം മണ്ണാറശാല അമ്മയായി മാറിയത്. ആദ്യത്തെ അമ്മ ശ്രീദേവി അന്തർജനമായിരുന്നു.
മണ്ണാറശാല അമ്മയായി കഴിഞ്ഞാൽ ഐഹിക ജീവിതത്തിൽ പല നിയന്ത്രണങ്ങളുമുണ്ട്. ദാമ്പത്യ ജീവിതം പാടില്ല. ഇല്ലത്തിന് പുറത്ത് ഇടപെഴുകയോ സംസാരിക്കുകയോ ചെയ്യില്ല. പൂജ, വ്രതം ,ധ്യാനം എന്നിവയുമായി സദാസമയം കഴിക്കുകയായിരിക്കും അമ്മ. മണ്ണാറശാല ഇല്ലത്തിൽ വിവാഹം കഴിച്ചെത്തുന്ന ഏറ്റവും മുതിർന്ന അംഗമാണ് മണ്ണാറശാല അമ്മയായി മാറുക.
Comments