പാലക്കാട്: സിപിഎം ഭരിക്കുന്ന പാലക്കാട് കണ്ണമ്പ്ര സർവീസ് സഹകരണ ബാങ്കിലെ മുൻ സെക്രട്ടറി അരക്കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കേസെടുത്ത് അന്വേഷണം ശക്തമാക്കി പോലീസ്. മുൻ സെക്രട്ടറി ആർ.സുരേന്ദ്രനെതിരെയാണ് അന്വേഷണം നടക്കുന്നത്. നിലവിലെ സെക്രട്ടറി ഇൻ ചാർജിന്റെ പരാതിയിലാണ് വടക്കഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
കണ്ണമ്പ്ര സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയറിയാതെ 2014 മുതൽ 2021 വരെയുള്ള കാലയളവിൽ സെക്രട്ടറിയായിരുന്ന സുരേന്ദ്രൻ നിക്ഷേപകരുടെ പേരിൽ വ്യാജരേഖയുണ്ടാക്കി 51 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് പരാതി. വ്യാജരേഖയുപയോഗിച്ച് വായ്പയെടുത്താണ് തട്ടിപ്പ് നടത്തിയത്. ബാങ്കിന്റെ അറിവില്ലാതെ ഗ്യാരന്റി നൽകി സാമ്പത്തിക നഷ്ടം വരുത്തിയെന്നും നിലവിലെ സെക്രട്ടറി ഇൻ ചാർജ് വടക്കഞ്ചേരി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
നേരത്തെ സിപിഎമ്മിന്റെ പാർട്ടി കമ്മിഷൻ നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് തെളിഞ്ഞതിനെ തുടർന്ന് സുരേന്ദ്രനെ സെക്രട്ടറി സ്ഥാനത്ത് നിന്നും സിപിഎമ്മിൽ നിന്നും പുറത്താക്കിയിരുന്നു. ക്രമക്കേടിന് കൂട്ടുനിന്നുവെന്ന കാരണത്താൽ സുരേന്ദ്രന്റെ ബന്ധുവായ സിപിഎം ജില്ലാ നേതാവിനെ തരംതാഴ്‌ത്തുകയും ചെയ്തു. എന്നാൽ പാർട്ടി അന്വേഷണത്തിൽ വിഷയം ഒതുക്കി തീർക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവും ഉയർന്നിരുന്നു.
















Comments