ആൾക്കൂട്ടത്തിനിടയിലൂടെ ഓടിക്കിതച്ച് എത്തിയ ശ്രീജേഷ് ഞങ്ങളെ വിളിച്ച് മാറ്റി നിർത്തിയ ശേഷം നിഖിലിനെ ഫോണിൽ കിട്ടിയെന്നും ചെറിയ പാലത്തിനു സമീപം ചെല്ലാൻ പറഞ്ഞതായും പറഞ്ഞു. ഞങ്ങൾക്ക് ഏത് പാലമാണെന്ന് മനസ്സിലാകുന്നില്ല. കുറച്ച് പിന്നിൽ കടന്ന ചെറിയ കലുങ്കിന് സമാനമായ പാലമായിരിക്കുമെന്ന് കരുതി തിരക്കിലൂടെ ഊളിയിട്ട് ഞങ്ങൾ ആ പാലത്തിനടുത്തെത്തി. കാലിൽ ഷൂവില്ലാത്തതിനാൽ ഐസ് ഉരുകിയ വെള്ളം കാൽപ്പാദങ്ങളെ നന്നായി വേദനിപ്പിക്കുന്നുണ്ട്. അവിടെ നിന്നു കൊണ്ട് ശ്രീജേഷ് നിഖിലിനെ വീണ്ടും വിളിച്ചു. ഞങ്ങളെ കണ്ടെന്നും ഉടൻ എത്തുമെന്നും നിഖിൽ പറഞ്ഞു. പട്ടാളവേഷത്തിനു മുകളിൽ തണുപ്പിനെ ചെറുക്കാനുള്ള കോട്ടു ധരിച്ച താടി വളർത്തിയ ആ ചെറുപ്പക്കാരൻ മന്ദസ്മിതത്തോടെ ഞങ്ങളെ സമീപിച്ച് സുഖാന്വേഷണം നടത്തി. ബാഗും മറ്റും ഏല്പിച്ച കാര്യം പറഞ്ഞപ്പോൾ അത് തിരികെ എടുത്തു കൊണ്ടുവരാൻ പറഞ്ഞു. തിരക്കിലൂടെ ഒരിക്കൽ കൂടി പോകാൻ ഞങ്ങൾ മടിച്ചു നിൽക്കുന്നതു കണ്ടപ്പോൾ സ്ഥലം കാണിച്ചു കൊടുക്കുവാൻ പറഞ്ഞു. വൈശാഖ് കൂടെച്ചെന്ന് സ്ഥലം കാണിച്ചു കൊടുത്തു. അതിന്റെ ചുമതലക്കാരുമായി സംസാരിച്ച് നിഖിലും വൈശാഖും തിരികെയെത്തി. വലിയ ക്യൂവിൽ കയറാതെ തന്റെ കൂടെ വരാൻ പറഞ്ഞ് നിഖിൽ മുമ്പേ നടന്നു. മഞ്ഞിന്റെ പുറത്തു കൂടി കുറച്ചു നടക്കേണ്ടി വന്നു. ഷൂസില്ലാത്തതിനാൽ കാലിൽ കത്തി കുത്തിക്കയറ്റുന്ന വേദനയാണ്. അതും കഴിഞ്ഞ് മിലിട്ടറിക്കാർ ഇരിക്കുന്ന ഭാഗത്ത് ഞങ്ങളെ എത്തിച്ചു. 4 മണി മുതൽ ആരതി നടക്കുകയാണെന്നും അതിനാൽ ക്യൂ നീങ്ങുന്നില്ലെന്നും അരമണിക്കൂർ വിശ്രമിക്കുവാനും ഞങ്ങളോട് നിഖിൽ പറഞ്ഞു.
വൈശാഖിന് ചെറിയ തലവേദനയുണ്ടെന്നും ഛർദ്ദിക്കാൻ തോന്നുന്നതായും പറഞ്ഞു. ചെന്നിയുടെ ഇരുവശവും ചൂണ്ടുവിരലാൽ പ്രസ് ചെയ്ത് റിലീസ് ചെയ്യാൻ പറഞ്ഞു കൊടുത്തു. കൂടാതെ വലതു കയ്യുടെ പെരുവിരൽ വായ്‌ക്കുള്ളിൽ കടത്തി പാലറ്റിൽ വച്ച് ഇടതു കൈ തലയ്‌ക്ക് മുകളിൽ വച്ച് രണ്ടു ഭാഗവും നന്നായി പ്രസ് ചെയ്തത് റിലീസ് ചെയ്യാനും പറഞ്ഞു. പെട്ടെന്ന് ആശ്വാസം ലഭിച്ചു. മലച്ചൊരുക്ക് എന്ന ഹൈ ആൾട്ടിറ്റ്യൂഡ് സിക്ക്നസ് -ന്റെ ഭാഗമാണിതെന്ന് നിഖിൽ സാക്ഷ്യപ്പെടുത്തി.
(മലയാത്ര പരിചയമില്ലാത്തവർക്ക് മലച്ചൊരുക്ക് ഉണ്ടാകാം. High Altitude sickness ചിലരെ തളർത്തിക്കളയും. തലവേദന ഓക്കാനവും ഒക്കെയുണ്ടാകും. നടന്നു കയറുന്നവർ ഒരു വടി കരുതണം. അതവിടെ കിട്ടും. ടോർച്ച് വേണം. തണുപ്പിനെ ചെറുക്കാനുള്ള വസ്ത്രങ്ങൾ യാത്രയുടെ തുടക്കത്തിൽ മതിയാകും. നടന്നു തുടങ്ങുന്നതോടെ വിയർക്കും. ഒന്നൊന്നായി വസ്ത്രങ്ങൾ ഊരി വയ്‌ക്കേണ്ടി വരും. അതിനൊരു ബാഗ് (ബാക്ക്പാക്ക്) ഉണ്ടായാൽ നന്ന്. കുതിരയെ ഹയർ ചെയ്യുന്നവർക്കും ഇതു നല്ലതാണ്.)
ശ്രീജേഷ് ഷൂ അഴിച്ചു വച്ചപ്പോൾ കയ്യിൽ പിടിച്ചിരുന്ന മൊബൈൽ ചെറിയ ഷോൾഡർ ബാഗിൽ വച്ചു കൊണ്ട് കയറാൻ പറഞ്ഞു.മിലിട്ടറിക്കാർക്ക് അനുവദിച്ച വഴിയിലൂടെ ഞങ്ങളെ മുകളിൽ എത്തിച്ചു. (താൻ ഇന്ന് നാലാം വട്ടമാണ് ഇവിടെ കയറി വരുന്നതെന്ന കാര്യവും നിഖിൽ പറയുകയുണ്ടായി) ശിവപാർഷദന്മാരിലൊരാളെ മഹാദേവൻ നിഖിലിന്റെ രൂപത്തിൽ ഞങ്ങളെ സഹായിക്കാനായി എത്തിച്ചതാണെന്നു തോന്നുന്നു.
താഴെ തിങ്ങിനിറഞ്ഞ് പുരുഷാരം നിൽക്കുന്നുണ്ടെങ്കിലും മുകളിലേക്ക് വളരെ നിയന്ത്രണത്തോടെയാണ് ആളെ കയറ്റി വിടുന്നതെന്നതിനാൽ അവസാന പടികളിൽ തിരക്കില്ല. സാമാന്യം വലിയൊരു ഗുഹയിലേക്കാണ് ഞങ്ങൾ കയറിച്ചെന്നത്. പരുക്കൻ പാറകളാൽ പ്രകൃതി നിർമ്മിച്ച ഈ ഗുഹയിൽ ഗ്ലാസ് കൊണ്ട് അരമറ സൃഷ്ടിച്ചത് ഇപ്പോഴാണെന്ന് തോന്നുന്നു. (2014-ൽ ഞാൻ ആദ്യമായി ഇവിടെ വന്നപ്പോൾ കോൺക്രീറ്റ് പടിയും ഗ്ലാസ് ഭിത്തിയുമെന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല മഞ്ഞു കൊണ്ടുള്ള മൂന്ന് വിഗ്രഹങ്ങൾ (ലിംഗങ്ങൾ) അന്ന് ഉണ്ടായിരുന്നു. അതിൽ ഗണപതി എന്ന സങ്കല്പത്തിലുള്ള ലിംഗം ഉരുകിത്തീർന്നതായി അവിടെ നിന്നയാൾ പറഞ്ഞു.)വലതുവശത്ത് മഞ്ഞു കൊണ്ടുള്ള വലിയ ലിംഗമാണ് അമർനാഥ് എന്ന ലിംഗം. (ഇപ്പോൾ ഞാനത് കണ്ടപ്പോൾ അതും കുറച്ച് ഉരുകി അന്നു കണ്ട ആകൃതിയിൽ നിന്ന് വ്യത്യാസം വന്നിട്ടുണ്ട്.)
പാർവ്വതി എന്ന് കരുതപ്പെടുന്ന ലിംഗം താരതമ്യേന ചെറുതാണെങ്കിലും അതിനാണ് ശരിയായ ലിംഗാകൃതി ഇപ്പോൾ ഉള്ളത്. മഞ്ഞിന്റെ ധവളിമ കണ്ടതും അതിനാണ്. ഗുഹയിൽ മറ്റൊരിടത്തും മഞ്ഞിന്റെ അംശമില്ല. മഞ്ഞുരുകിയ ജലം തറയിലുണ്ട്. (ഈ ജലം താഴേക്ക് വരുന്നത് ശേഖരിച്ച് പൈപ്പിലൂടെ തീർത്ഥമായി ശേഖരിക്കാൻ വ്യവസ്ഥയുണ്ട്. കുപ്പിയോ, പാത്രമോ കയ്യിൽ കരുതാത്തതിനാൽ തീർത്ഥം കയ്യിലെടുത്ത് കുടിച്ചു.) ഈ കൊടും തണുപ്പിൽ, ഉമാ മഹേശ്വരന്മാരെന്നു കരുതുന്ന, രണ്ടു പ്രാവുകളെ കാണുന്നതാണ്. ഇപ്രാവശ്യം അതിനെയും കാണുകയുണ്ടായില്ല.
വൈശാഖും, ശ്രീജേഷും കണ്ണു നിറച്ചു കണ്ടു് കണ്ണുകൾ നിറഞ്ഞൊഴുകി നിന്നു പോയി. സർവ്വലോകത്തിനും നാഥനായി സർവ്വർക്കും രക്ഷകനായി വിലസുന്ന പാർവ്വതി പരമേശ്വരന്മാരോട് ഒന്നും അപേക്ഷിക്കാനില്ലാതെ ഞാനും നിന്നു. ജഗത്തിന്റെ മാതാപിതാക്കളുടെ കാരുണ്യ പൂർണ്ണമായ ഇടപെടൽ കൊണ്ടു മാത്രമാണല്ലോ ഞാൻ ഇത്ര ദുർഘട വഴികളെ പിന്നിട്ട് ദുർഗ്ഗമമായ വിവിധ പ്രദേശങ്ങളിൽ എത്തിച്ചേർന്നതെന്നോർത്ത് മനസ്സർപ്പിച്ച് പ്രണമിച്ച് പിൻവാങ്ങി. ഓരോ ചുവടുവയ്‌ക്കുമ്പോഴും പഞ്ചാക്ഷരി ഉരുവിട്ട് ഒരു യാത്ര പൂർത്തിയാക്കുമ്പോൾ അടുത്ത യാത്രയ്‌ക്കുള്ള പിൻവിളി എത്തുന്നത് എന്നെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. യാത്രാ ദുരിതങ്ങളൊക്കെ മറന്ന് വീണ്ടും അരയും തലയും മുറുക്കി പുറപ്പെടുന്നത് ഈ ഹോട്ട്ലൈൻ ബന്ധം മൂലമാണ്. ( ഭയരഹിതരായി ജീവിക്കാനാണ് നമ്മുടെ പൗരാണികർ നമ്മെ പഠിപ്പിച്ചിട്ടുള്ളത്. നെറ്റിയിൽ ഭസ്മക്കുറിയണിയുമ്പോൾ പോലും ‘ഭസ്മാന്തമിദം ശരീരം’ – ഈ ശരീരം ഭസ്മമാകാനുള്ളതെന്ന ഓർമ്മപ്പെടുത്തലാണ്. അല്ലാതെ മതചിഹ്നമല്ല. ശീര്യതേ ഇതി ശരീര: നശിക്കുന്നതായതു കൊണ്ടാണ് ഇതിന് ശരീരം എന്ന പേരു തന്നെ ഉണ്ടായത്. കൈലാസ് മാനസസരോവർ യാത്ര പോകുമ്പോൾ ഒരു ഇൻഡമിനിറ്റി ബോണ്ട് തയ്യാറാക്കി ജില്ലാ മജിസ്ട്രേറ്റിനെക്കൊണ്ട് ഒപ്പിടുവിച്ച് കൊടുക്കേണ്ടതുണ്ട്. യാത്രയ്‌ക്കിടയിൽ എന്തെങ്കിലും സംഭവിച്ചാൽ അവിടെത്തന്നെ സംസ്ക്കരിക്കാനുള്ള അനുവാദമാണിത്.ഹിമാലയത്തിൽ വച്ച് ജീവിതം അവസാനിച്ചാൽ നല്ലതെന്ന ചിന്തയുമെനിക്കുണ്ട്. അതിനും ഒരു ഭാഗ്യം വേണം!)
ദർശനം കഴിഞ്ഞിറങ്ങുമ്പോൾ നിഖിൽ കാത്തു നില്പുണ്ടായിരുന്നു. ശ്രീജേഷിന്റെ ഷൂവും മറ്റും തിരിച്ചെടുത്ത് നിഖിലിനൊപ്പം ഗുഹയുടെ പശ്ചാത്തലത്തിൽ ഒരു ചിത്രവുമെടുത്തു. ഗുഹയുടെ എതിർവശത്തെ പർവ്വതത്തിൽ പന്നഗഭൂഷണനെ നോക്കി നിൽക്കും പോലെ ഒരു വലിയ നാഗരൂപം പത്തി വിടർത്തി നിൽക്കുന്നു.ശേഷ നാഗമെന്നാണ് അതിനെ വിളിക്കുകയെന്ന് നിഖിൽ പറഞ്ഞു. ശിവലിംഗമുള്ളിടത്തൊക്കെ പ്രകൃതി നാഗരൂപവും സൃഷ്ടിച്ചു വയ്‌ക്കുന്നത് എന്തിനായിരിക്കും എന്നായിരുന്നു എന്റെ ചിന്ത.
( ടിബറ്റിലെ കൈലാസദർശനത്തിൽ അവസാദ ശിലയിൽ രൂപം കൊണ്ട കൂറ്റൻ ശിവലിംഗത്തിന്റെ ശിരസ്സിലും മഞ്ഞു കൊണ്ടുള്ള നാഗഫണവും ചന്ദ്രക്കലയും കാണാവുന്നതാണ്. പ്രകാശത്തിന്റെ തിളക്കത്തിൽ തൂവെള്ള കൈലാസം സ്വർണ്ണവർണ്ണമണിയുന്ന – സുവർണ കൈലാസം – ദർശനവും എനിക്ക് കാണാനിടയായിട്ടുണ്ട്. പ്രകൃതിയുടെ മാറിടത്തിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഇത്തരം അത്ഭുതങ്ങളെ
കാണാനിടയാകുന്നത് മഹാ ഭാഗ്യമായി ഞാൻ കരുതുന്നു.)
സാധനങ്ങൾ സൂക്ഷിക്കാനേല്പിച്ച സ്ഥലത്തെത്തി സാധനങ്ങൾ ഏറ്റുവാങ്ങി. നാനൂറ് രൂപ കൊടുക്കണമെന്നു പറഞ്ഞ് സാധനങ്ങൾ സൂക്ഷിക്കാനേറ്റവർ നിഖിലിനെ കണ്ടതോടെ പൈസയൊന്നും വേണ്ടെന്നു പറഞ്ഞെങ്കിലും 200 രൂപ കൊടുത്തു. താഴേക്കിറങ്ങും വഴി നിഖിലുൾപ്പടെയുള്ള പട്ടാളക്കാർ താമസിക്കുന്ന ടെൻ്റുകൾ ചൂണ്ടിക്കാട്ടി. ഈ കൊടും തണുപ്പിൽ ടാർപ്പാളിൻ ഷെഡ്ഡുകളിൽ താമസിച്ച് ഭാരതത്തിന്റെ അതിർത്തി കാക്കുന്ന ഈ ഭടന്മാരെയാണ് നമ്മൾ നമിക്കേണ്ടത്. മൊബൈൽ കയ്യിൽ കിട്ടിയ ഉടനെ ഒരു വീഡിയോ എടുത്തു. എന്റെ സഹധർമ്മിണിയെ വീഡിയോ കോളിൽ വിളിച്ച് ആ പ്രദേശം കാണിച്ചു കൊടുക്കുകയും വിശദീകരിക്കുകയും ചെയ്തു.
ഞങ്ങളെ ഒരു ഭണ്ഡാരയിലേക്ക് നയിച്ചു. അല്പം ചോറും പുളിശ്ശേരി പോലെ (കടി ചാവൽ എന്നവർ പറയും) ഒരു കറിയും, ദലിയ കൊണ്ടുള്ള പായസവും കഴിച്ചു. കടലമാവുകൊണ്ട് ദോശയുണ്ടാക്കി നെയ് പുരട്ടി എന്തോ മധുരവും ചേർത്ത് കൊടുക്കുന്നതിലൊരെണ്ണം ടേസ്റ്റ് ചെയ്തു. ഒന്നാം തരം പാൽ അടുപ്പത്ത് തിളച്ചു മറിയുന്നു. വഴിയിൽ കൂടി പോകുന്നവർക്ക് സൗജന്യമായി കൊടുക്കുന്നു. ഭക്ഷണം തന്നവർക്ക് ഇരു കയ്യും കൂപ്പി നന്ദി പറഞ്ഞ് ഞങ്ങൾ പുറത്തിറങ്ങി.
അങ്ങോട്ട് കയറിയപ്പോൾ കാലിന് കടുത്ത വേദനയനുഭവപ്പെട്ടതിനാൽ മടക്കയാത്രയ്‌ക്ക് കുതിരയെ വാടകയ്‌ക്ക് എടുക്കുന്നതിനെപ്പറ്റി ശ്രീജേഷ് എല്ലാവരുമായി ആലോചിച്ചു. എല്ലാവരും കുതിരയെ എടുക്കാമെന്ന് തീരുമാനിച്ചു. ഞങ്ങൾക്ക് സഹായിയായി വന്ന നിഖിലിനോട് കുതിരയെ കിട്ടുമോ എന്നന്വേഷിച്ചു. മറ്റൊരു പട്ടാളക്കാരനെ അതിനായി വിളിച്ചെങ്കിലും കിട്ടിയില്ല. സർക്കാർ റേറ്റിൽ കുതിരയെ ലഭിക്കുന്നതായി കണ്ട ഷെഡ്‌ഢിൽ ആരേയും കാണുന്നില്ല. ഗുഹ മുതൽ ബാൽതാൽ വരെ 1900 രൂപ എന്ന് എഴുതി വച്ചിട്ടുണ്ട്. പക്ഷേ കുതിരക്കാർ 5000 രൂപയാണ് ചോദിക്കുന്നത്. നല്ല മഴക്കോൾ കൂടി കണ്ടതോടെ വേഗം മലയിറങ്ങാൻ ഞങ്ങളോട് നിഖിൽ നിർദ്ദേശിച്ചു. അദ്ദേഹം വിളിച്ചിട്ട് കിട്ടാതിരുന്ന പട്ടാളക്കാരന്റെ നമ്പർ തന്നിട്ട് കുറച്ചു കൂടി മുന്നോട്ട് പോയിട്ട് അയാളെ വിളിക്കാനും അപ്പോൾ കുറച്ചു കൂടി റേറ്റ് കുറച്ച് കുതിരയെ കിട്ടുമെന്നും പറഞ്ഞു. ഞങ്ങൾക്കു ചെയ്തു തന്ന ഉപകാരങ്ങൾക്ക് നന്ദി പറയുമ്പോൾ ഇതെന്റെ കടമയല്ലേ എന്നു മാത്രം പറഞ്ഞ് വിനയാന്വിതനായി നിൽക്കുകയാണ് നിഖിൽ ചെയ്തത്. പട്ടാളത്തിന്റെ പരിശീലനവും കോഴിക്കോടുകാരന്റെ മനസ്സിന്റെ നൈർമ്മല്യവും തൊട്ടറിഞ്ഞ നിമിഷമായിരുന്നു അത്. മഹാദേവൻ അദ്ദേഹത്തിനേയും കുടുംബത്തേയും അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഞങ്ങൾ മലയിറങ്ങി. പല കുതിരക്കാരും ഞങ്ങളെ സമീപിച്ചു കൊണ്ടിരുന്നു. 3000 രൂപയിൽ താഴ്‌ത്തി ആരും പറയുന്നില്ല. എന്തായാലും നടക്കാമെന്നും തീരെ വയ്യാതായാൽ കുതിരയെ എടുക്കാമെന്നുമുള്ള തീരുമാനത്തോടെ അല്പം വേഗതയിൽ താഴേക്കിറങ്ങിത്തുടങ്ങി. പെട്ടന്നാണ് മുന്നിൽ നടന്ന വൈശാഖ് മഞ്ഞിൽ തെന്നി വീണത്. വലിയ അപകടമാണ് ഇത്തരം വീഴ്ചകൾ. കോൺക്രീറ്റ് പോലെ കട്ടിയുള്ള ഗ്ലേഷിയറിന്റെ അരിക് വാക്കത്തി പോലെ മൂർച്ചയുള്ളതാണ്. ഷൂ തട്ടിയാൽ ഷൂ പോലും കീറി കാൽ മുറിയാം. വീഴ്ചയിൽ ഒന്നും സംഭവിച്ചില്ല. നടുവും തോളു മടിച്ച് ചരിഞ്ഞു വീണ വൈശാഖ് പെട്ടെന്ന് എഴുന്നേറ്റു. ആ വീഴ്ചയിൽ താഴേക്ക് തെറ്റിപ്പോയാലും മഞ്ഞിലൂടെ നൂറ് കണക്കിന് അടി താഴേക്ക് പതിക്കാം. മഹാദേവൻ കാത്തു എന്നു പറഞ്ഞാൽ അക്ഷരാർത്ഥത്തിൽ അതു സത്യമാണ്.
ഇറക്കം വേഗത്തിലായിരുന്നെങ്കിലും നീണ്ടകയറ്റം പ്രത്യക്ഷപ്പെട്ടതോടെ എല്ലാവരും സ്ലോ ആയി. എങ്കിലും മഴയെപ്പേടിച്ച് നടത്തം തീരെ പതുക്കെയാക്കിയതുമില്ല. എതിരെ വരുന്നവർ ഇല്ലാത്തതിനാൽ നടപ്പ് കുറച്ചു കൂടി എളുപ്പമായി. ശ്രീജേഷും വൈശാഖും അല്പം മുന്നിലായി നടന്നു തുടങ്ങി. ഞാൻ കൊടുത്ത മസാജിങ്ങ് ശ്രീജേഷിനെ സഹായിച്ചിട്ടുണ്ടാകണം. മുന്നിൽ നടന്ന അവർ വഴിയരികിലെ ഒരു കടയിൽ കയറി ഇരിക്കുന്നതു കണ്ട് ഞങ്ങളും കയറി. അവരെല്ലാം ചായ കുടിച്ചു. മഴയുടെ ചെറുതുള്ളികൾ വീണു തുടങ്ങിയിരിക്കുന്നതിനാൽ പല യാത്രികരും റയ്ൻകോട്ട് അണിഞ്ഞാണ് കടന്നു പോകുന്നത്. വലിയ മഴ പെയ്താൽ വഴി ചളിക്കുളമാകും. ഇറക്കം കഠിനമാകും. വെള്ളച്ചാട്ടങ്ങളുടെ ഗർജ്ജനം ഉച്ചസ്ഥായിയിലാണ്. എന്താ വേണ്ടതെന്ന് ചിന്തിച്ച് അല്പനേരമിരുന്നു. ചായയുടെ പണം കൊടുത്ത് ഒരു കുപ്പി വെള്ളവും വാങ്ങി ഞങ്ങൾ അവിടെ നിന്നിറങ്ങി.
അല്‌പം നടന്നതും മഴയുടെ ചെറുതുള്ളികൾ പതിച്ചു തുടങ്ങി. ഇലക്ട്രിക് ബൾബുകൾ പ്രകാശിക്കുന്നുണ്ടെങ്കിലും വെളിച്ചം പോരാ. ടോർച്ചിന്റെ സഹായത്തോടെ മുന്നാേട്ട് നീങ്ങുന്നതിനിടയിൽ റയ്ൻ കോട്ട് ധരിക്കാൻ വേണ്ടി നിന്നു. ഞാനും ബാലൻ ചേട്ടനും ഒരേ തരം കോട്ടാണ് കയ്യിൽ കരുതിയിരുന്നത്. പുറകിലെ ബാഗ് നനയാത്ത വിധം കോട്ടണിഞ്ഞപ്പോൾ മുന്നിലെ ബട്ടൻസിടാൻ പറ്റുന്നില്ല. ശ്രീജേഷിന്റെയും വൈശാഖിന്റെയും കോട് ഒന്നാം തരമാണ്. റയ്ൻ കോട്ടും കൂടി അണിഞ്ഞതോടെ പരസ്പരം തിരിച്ചറിയാനുള്ള എല്ലാ മാർഗ്ഗവും അടഞ്ഞു. എന്റെ ടോർച്ചിന്റെ വെളിച്ചം ശ്രദ്ധിച്ചു കൊണ്ട് നടക്കുവാൻ നിർദ്ദേശിച്ചു. മഴ തുടങ്ങിയതിനാൽ കടകളെല്ലാം പ്ലാസ്റ്റിക്ക് കൊണ്ട് മൂടിയിരിക്കുന്നു. വൺ ടൈം ഉപയോഗിക്കുന്ന റയ്ൻ കോട്ട് 50 രൂപയ്‌ക്ക് വഴിയിൽ വിൽക്കുന്നത് കണ്ടിരുന്നു. ഇപ്പോൾ അവരേയും കാണുന്നില്ല. അതു ശ്രദ്ധിച്ച് നടക്കുന്നതിനിടയിൽ ഇരുട്ടിൽ ഇരുന്ന് ഒരാൾ റയ്ൻ കോട്ട് എന്നു പറയുന്നതു കേട്ട് ഞാൻ നിന്നു. അയാൾ ഒരു റയ്ൻ കോട്ടിന് 100 രൂപയാണ് ചോദിച്ചത്. എനിക്കും ബാലൻ ചേട്ടനുമായി രണ്ടെണ്ണം വാങ്ങി തിരിഞ്ഞു നോക്കുമ്പോൾ സഹയാത്രികരെ ആരേയും കാണുന്നില്ല. മഴച്ചാറ്റൽ തുടരുന്നതിനാൽ ധരിച്ചിരിക്കുന്ന റയ്ൻ കോട്ടിന്റെ മുൻവശം കൂട്ടിപ്പിടിച്ച് നടന്നു തുടങ്ങി. ഒരു വിളക്കു കാലിന്റെ ചുവട്ടിൽ ബാലൻചേട്ടൻ എന്നെ കാത്തു നില്പുണ്ടായിരുന്നു. വാങ്ങിയ റയ്ൻ കോട്ട് ഞങ്ങൾ പരസ്പരം അണിയിച്ചു.
(റയിൻകോട്ട് ഓവർസൈസ് ഉണ്ടായാൽ ബാക്ക്പാക്ക് നനയാതിരിക്കും. എന്റെ റയ്ൻ കോട്ട് ധരിച്ചപ്പോൾ ഈ അബദ്ധം മനസ്സിലാക്കിയത്. അവിടെ one time use കോട്ട് ലഭിക്കും. എവിടെയെങ്കിലും മുട്ടിയാൽ അത് കീറിപ്പോകും.)
ഒന്നിച്ച് മുന്നാേട്ട് നീങ്ങി. മറ്റു രണ്ടു പേരെയും ഇനി കണ്ടു പിടിക്കുക സാദ്ധ്യമല്ലെന്ന് മനസ്സിലായി. കാരണം റയ്ൻ കോട്ടണിഞ്ഞ എല്ലാവരും ഒരുപോലെയിരിക്കും. മഴ സൃഷ്ടിച്ച ചെളിയിൽ തെന്നാതെ നടക്കേണ്ടതിനാൽ നടപ്പിന്റെ വേഗത കുറച്ചു. കുതിരകൾ വരുമ്പോൾ പർവ്വതത്തിന്റെ വശത്തേക്ക് ചേർന്നു നടന്നു. പക്ഷേ എതിർവശത്തു നിന്നും പുറത്ത് സാധനങ്ങൾ കെട്ടിവച്ച കുതിരകൾ വന്നതോടെ യാത്ര ദുഷ്ക്കരമായി. ചില ഭാഗത്ത് വെളിച്ചം തീരെയില്ല. ടോർച്ചിന്റെ വെളിച്ചത്തിൽ തപ്പിത്തടഞ്ഞ് നീങ്ങുകയാണ്. ചില ഇടത്താവളങ്ങളിൽ ഇരിക്കുന്ന ആളുകളെ പട്ടാളക്കാർ ഇറക്കി വിടുന്നു. മഴ വരുന്നതോടെ കല്ലുകൾ പതിക്കാനുള്ള സാദ്ധ്യതയേറെയായതിനാൽ പെട്ടെന്ന് നടന്നു നീങ്ങാൻ അവർ പറയുന്നുണ്ട്. ഓക്സിജൻ കുറവായതിനാൽ മാസ്ക് ധരിക്കരുതെന്നും അവർ പറയുകയുണ്ടായി. വഴിയരികിൽ വീണു കിടന്ന ഒരു പാേസ്റ്റിൽ ഇരുന്ന് ഒന്നു വിശ്രമിച്ചു.
ഇതിനിടയിൽ ബാംഗ്ലൂരിലുള്ള മകൻ ദേവദത്തിനെ വിളിച്ച് ജമ്മു മുതൽ ദില്ലി വരെയുള്ള വന്ദേ ഭാരത് ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ പറഞ്ഞ് എന്റെ IRCTC ഐഡിയും പാസ് വേഡും അയച്ചുകൊടുത്തു. വന്ദേ ഭാരതിൽ യാത്ര ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ടതിൽ കുണ്ഠിതം തോന്നി. ശ്രീനഗർ ദില്ലി ഫ്ലൈറ്റിന്റെ നിരക്ക് നോക്കി അറിയിക്കാനും മകനോട് പറഞ്ഞിരുന്നു. നെറ്റ് വർക്ക് പ്രശ്നം കാരണം ഞാൻ പറയുന്നത് അവന് കേൾക്കാനാവുന്നില്ല. രണ്ടു ടിക്കറ്റിന് മുപ്പതിനായിരം എന്നു മാത്രം കേട്ടു. ഫോൺ കിട്ടുന്നിടത്ത് ചെന്നിട്ടു വിളിക്കാമെന്നു കരുതി വിശ്രമിക്കാതെ യാത്ര തുടർന്നു.
നടന്നു തുടങ്ങിയതോടെ പ്ലാസ്റ്റിക്ക് കോട്ടിനുള്ളിൽ ശരീരം വിയർക്കുകയാണ്. ചാറ്റൽ മഴ ശമിച്ചതോടെ രണ്ടു പേരും പരസ്പരം സഹായിച്ച് കോട്ടൂരി മടക്കി ബാഗിൽ വച്ചു. മകനെ വിളിച്ച് ടിക്കറ്റ് ബുക്കു ചെയ്യുമ്പോഴേക്കും രണ്ടു പേർക്ക് മുപ്പത്തിമൂവായിരം രൂപയായി ടിക്കറ്റ് നിരക്ക് ഉയർന്നു കഴിഞ്ഞിരുന്നു. ഏതായാലും ടിക്കറ്റ് എടുക്കാൻ മകനോട് പറഞ്ഞ് നല്ല വേഗതയിൽ ഇറക്കം ഇറങ്ങുകയായി. ഇരുട്ടിൽ വിശ്രമിക്കുന്നവരെ കാണുമ്പോൾ വൈശാഖുണ്ടോ, ശ്രീജേഷുണ്ടോ എന്ന് ഉറക്കെ വിളിച്ചു ചോദിച്ചും കൊണ്ടാണ് പ്രയാണം.
ഏതാണ്ട് മുക്കാൽ ഭാഗം വഴി താണ്ടിയപ്പോൾ ശ്രീജേഷിനെക്കണ്ടു. കൂടെ നിൽക്കാതിരുന്നതിന്റെ ഈർഷ്യ അറിയിച്ച് ഞാൻ ഇത്തിരി വേഗതയിൽ നടന്നു. ബാലൻ ചേട്ടൻ ശ്രീജേഷിനൊപ്പം കൂടി. എനിക്കാകട്ടെ യാതൊരു ക്ഷീണവും തോന്നാത്തതിനാലും ഒറ്റയ്‌ക്കായതിനാലും കൈ വീശി വേഗം നടന്നു. രാവിലെ ഭക്ഷണം കഴിച്ച ഭണ്ഡാരയുടെ പുറത്ത് കസേരയിൽ വന്നിരുന്ന് വിശ്രമിച്ചു. അപ്പോഴും അതിനുള്ളിൽ സൗജന്യ ഭക്ഷണ വിതരണം നടക്കുന്നുണ്ട്. ഇത്രയും വൈകി ഭക്ഷണം കഴിക്കേണ്ട എന്നു തീരുമാനിച്ചു. കുറേക്കഴിഞ്ഞ് ബാലൻചേട്ടനും ശ്രീജേഷും എത്തി. വൈശാഖിനെ കാണുന്നില്ല. വിളിച്ചിട്ടും കിട്ടുന്നില്ലെന്നത് കുറച്ചു വിഷമമുണ്ടാക്കി. കണ്ണാെന്നടച്ച് ഏതാനും മിനിട്ട് അർദ്ധ മയക്കത്തിലിരുന്ന ശേഷം നടന്നു തുടങ്ങി. ഇനി അവസാന ഭാഗം നല്ലൊരു കയറ്റമുണ്ട്. അതെങ്ങനെ കയറുമെന്ന ആശങ്ക ശ്രീജേഷ് പങ്കു വച്ചു. ബാൽതാൽ ബേസ് ക്യാമ്പുവരെ കുതിരയെ ഹയർ ചെയ്താലോ എന്ന ശ്രീജേഷിന്റെ ചോദ്യത്തെ ഞാനില്ല എന്ന ഉത്തരം കൊണ്ട് തടഞ്ഞു. ഞാൻ നല്ല വേഗതയിൽ താഴേക്കിറങ്ങുമ്പോൾ ഇതിനെന്നെ പ്രാപ്തനാക്കുന്നത് യോഗ പരിശീലനമാണല്ലോ എന്നോർത്ത് മനസ്സിൽ ഒരല്പം സന്തോഷം തോന്നി. ഞങ്ങളെ അവസാനം കടത്തിവിട്ട ഗേറ്റിനു സമീപം വന്ന് പാതയോരത്തെ കൽക്കെട്ടിൽ ഇരുന്നു. ശ്രീജേഷും ബാലൻ ചേട്ടനും വരാൻ ഏറെ സമയമെടുത്തു. യാത്ര കഴിഞ്ഞ എല്ലാവരിൽ നിന്നും RFID കാർഡ് തിരികെ വാങ്ങുന്നത് കണ്ട് ഞങ്ങൾക്ക് തന്ന കാർഡും തിരിച്ചേല്പിച്ചു. ഞങ്ങൾ താമസിച്ച ഭണ്ഡാരയിലെത്താൻ ഇനിയും 3 കി.മി. എങ്കിലും നടക്കണം.
മടക്കയാത്രയുടെ വിശേഷങ്ങൾ അടുത്ത എപ്പിസോഡിൽ തുടരും.
തയ്യാറാക്കിയത്
യോഗാചാര്യ ശിവചരൺ കൃപാപാത്രി ഡോ.സജീവ് പഞ്ച കൈലാസി.
കൈലാസ് മാനസരോവർ, ആദി കൈലാസ്, കിന്നർ കൈലാസ്, ശ്രീ ഖണ്ഡ് കൈലാസ്, മണി മഹേഷ് കൈലാസ് തുടങ്ങിയ അഞ്ചുകൈലാസങ്ങളിലും ദർശനം നടത്തിയിട്ടുണ്ട്.
ആരോഗ്യ ഭാരതി സംസ്ഥാന കാര്യദർശി.
പൈതൃക് സംസ്ഥാന ഉപാദ്ധ്യക്ഷൻ വൈദ്യ മഹാസഭ സംസ്ഥാന ചെയർമാൻ.
ഗവന്മെൻ്റ് ഓഫ് ഇന്ത്യ സർട്ടിഫൈഡ് സീനിയർ നാച്ചുറോപത്ത്.
ഗവന്മെൻ്റ് ഓഫ് ഇന്ത്യ സർട്ടിഫൈഡ് സീനിയർ നാച്ചുറോപത്ത്സ് അസോസിയേഷൻ (GICSNA – ജിക്ഷ്ണ) നാഷണൽ കമ്മിറ്റി സെക്രട്ടറി.
ഫോൺ : 9961609128
യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ അമർനാഥ് യാത്രാ വിവരണം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/shri-amarnath-cave-temple/
Comments