മണിപ്പൂരിൽ സമാധാനം പുലരും; സംസ്ഥാനം സാധാരണ നിലയിലാകും: പ്രധാനമന്ത്രി നരേന്ദ്രമോദി

Published by
Janam Web Desk

ന്യൂഡൽഹി: മണിപ്പൂരിൽ സമാധാനം പുലരുമെന്നും സംസ്ഥാനം സാധാരണ നിലയിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ലോക്‌സഭയിലെ അവിശ്വാസ പ്രമേയ ചർച്ചയിലെ പ്രസംഗത്തിലാണ് പ്രധാനമന്ത്രിയുടെ ഉറപ്പ്. മണിപ്പൂർ സാധാരണ സ്ഥിതിയിലെത്തുമെന്ന് എല്ലാവർക്കും താൻ ഉറപ്പുനൽകുന്നു. വംശീയ സംഘർഷങ്ങൾക്കിടയിലാണ് ഇപ്പോൾ മണിപ്പൂർ. പ്രശ്‌നങ്ങൾക്ക് പിന്നിൽ ആരണെങ്കിലും അവരെ വെറുതെ വിടില്ലെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

പ്രതികൾക്ക് ഏറ്റവും കർശനമായ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. വരും ദിവസങ്ങളിൽ മണിപ്പൂരിൽ സമാധാനത്തിന്റെ സൂര്യൻ ഉദിക്കുമെന്ന് താൻ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. രാജ്യം മണിപ്പൂരിലെ സ്ത്രീകൾക്കും പെൺമക്കൾക്കും ഒപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷ അംഗങ്ങൾ ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോയപ്പോൾ പ്രധാനമന്ത്രി മോദി പറഞ്ഞു, ”മണിപ്പൂരിൽ ചർച്ചയ്‌ക്ക് വരാൻ പ്രതിപക്ഷത്തോട് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തരമന്ത്രി കത്തും നൽകിയിരുന്നു. എന്നാൽ അവരുടെ ഉദ്ദ്യേശം അതല്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണിപ്പൂരിലെ പ്രതിസന്ധികൾക്ക് കോൺഗ്രസിന്റെ രാഷ്‌ട്രീയമാണ് ഉത്തരവാദിയെന്നും വടക്കുകിഴക്കൻ മേഖലയിലെ എല്ലാ പ്രശ്നങ്ങൾക്കും പിന്നിൽ കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.

Share
Leave a Comment