തിരുവനന്തപുരം: പുതുപ്പള്ളിയില്‍ ഉപതിരെഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന എൽ.ഡി.എഫിന്റെ ആവശ്യം തള്ളി സംസ്ഥാന തിരെഞ്ഞെടുപ്പ് കമ്മീഷൻ. ഉപതിരെഞ്ഞെടുപ്പ് തീയതിയില്‍ മാറ്റമുണ്ടാകില്ലെന്നും സെപ്തംബര്‍ അഞ്ചിന് തന്നെ വോട്ടെടുപ്പ് നടക്കുമെന്നും അറിയിച്ച് ഉപതിരെഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി. ഈ മാസം 17 വരെ പത്രിക സമര്‍പ്പിക്കാം. 18നാണ് സൂഷ്മ പരിശോധന. 21നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറു വരെയാണ് പോളിംഗ് നടക്കുക. ഭിന്നശേഷി സൗഹൃദ ബൂത്തുകളും ഹരിതമാര്‍ഗരേഖ പാലിച്ചുള്ള ബൂത്തുകളും ഒരുക്കുമെന്ന് സംസ്ഥാന മുഖ്യ തിരെഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സെപ്തംബർ അഞ്ച് ചൊവ്വാഴ്ചയാണ് തിരഞ്ഞെടുപ്പ് നടക്കുക. എട്ടിനാകും വോട്ടെണ്ണൽ.
കഴിഞ്ഞ ദിവസം പുതുപ്പള്ളി ഉപതിരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിൽ തീയതി പുനഃപരിശോധിക്കണമെന്ന് ആവശ്യം ഉന്നയിച്ച് എല്‍ഡിഎഫ് രംഗത്തെത്തിയരുന്നു. ഓണാഘോഷവും മണര്‍കാട് എട്ട് നോമ്പ് പെരുന്നാളും കണക്കിലെടുത്ത് പുതുപ്പള്ളി ഉപതിരെഞ്ഞെടുപ്പിന്റെ തീയതി നീട്ടണമെന്നാണ് എല്‍ഡിഎഫ് ആവശ്യം. തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിരുന്നു. 20ന് വിനായക ചതുര്‍ഥിയും 28ന് ഒന്നാം ഓണവും 29ന് തിരുവോണവുമാണ്. അടുത്ത ദിവസങ്ങളിൽ തന്നെ ഓണമാണ്. ഒന്നാം ഓണ ദിനത്തില്‍ അയ്യന്‍കാളി ജയന്തിയും നാലാം ഓണദിനത്തില്‍ ശ്രീനാരായണ ഗുരുജയന്തിയുമാണ്. ഇതിനൊപ്പം മണര്‍കാട് സെന്റ് മേരീസ് പള്ളിയില്‍ എട്ട് നോമ്പ് സെപ്തംബര്‍ ഒന്നുമുതല്‍ എട്ടുവരെയാണ് നടക്കുന്നത്. മണർകാട് പള്ളിയിലെ എട്ടുനോമ്പാചരണത്തിന് തടസ്സം സൃഷ്ടിക്കുന്ന രീതിയിലാണ് തിരഞ്ഞെടുപ്പെന്നാണ് എൽ.ഡി.എഫിന്റെ വാദം.
Comments