തിരുവനന്തപുരം; കായികതാരങ്ങളോടുള്ള കേരള സര്‍ക്കാരിന്റെ അവഗണന തുടരുന്നതിനിടെ ഗുരുതരമായ ആരോപണവുമായി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി. സര്‍ക്കാര്‍ ജോലി നല്‍കിയ ശേഷം കാരണം പോലും പറയാതെ പിരിച്ചുവിട്ടുവെന്ന് ആരോപിച്ചാണ് റാഫി രംഗത്തെത്തിയത്. 2004ല്‍ കേരളം സന്തോഷ് ട്രോഫി നേടിയപ്പോള്‍ ടീമംഗമായിരുന്ന റാഫിയടക്കമുള്ളവര്‍ക്ക് ജോലി നല്‍കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ആ ജോലി കിട്ടാന്‍ താരത്തിന് 2008വരെ കാത്തിരിക്കേണ്ടി വന്നു. ആരോഗ്യവകുപ്പിലായിരുന്നു നിയമനം. എന്നാല്‍ പ്രൊഫഷണല്‍ രംഗത്ത് കളിക്കാനായി അഞ്ച് വര്‍ഷത്തെ ദീര്‍ഘ അവധിയെടുത്ത് പോയ താരത്തിന് പിന്നീട് ജോലിയില്ലാതായി.മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഇന്ത്യന്‍ ജേഴ്‌സി ലേലത്തിന് വച്ച് ലഭിച്ച രണ്ടരലക്ഷം രൂപ നല്‍കിയ താരമാണ് മുഹമ്മദ് റാഫി
2010ലും 2011ലും ഇന്ത്യന്‍ ടീമിനായി മികച്ച പ്രകടനം നടത്തിയ താരത്തെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. 2010 നവംബറില്‍ കുവൈത്തിനെതിരെ സൗഹൃദ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് വേണ്ടി റാഫി ഗോള്‍ നേടിയിരുന്നു. ലോകകപ്പ് സൗഹൃദ മത്സരത്തിലടക്കം കളിച്ച താരത്തെ കാരണം പോലും പറയാതെ പിരിച്ചുവിട്ടുവെന്നാണ് റാഫി പറയുന്നത്. തന്നെ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ നിരവധി എംഎല്‍എമാരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇനിയിപ്പോള്‍ ആരോട് പറയാനാണെന്നും അദ്ദേഹം പ്രതികരിച്ചു.
ജോലിക്ക് അപേക്ഷിക്കാന്‍ ഫുട്ബോള്‍ താരങ്ങളായ അനസ് എടത്തൊടികയും, റിനോ ആന്റോയും വൈകിയത് കൊണ്ടാണ് സര്‍ക്കാര്‍ ജോലി ലഭിക്കാതെ പോയതെന്ന് യു ഷറഫലി പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിനെതിരെ അനസ് എടത്തൊടികയും റിനോ ആന്റോയും രംഗത്ത് വന്നിരുന്നു. ജോലി ലഭിക്കാന്‍ യാചിക്കണോയെന്നും ഷറഫലിയുടേത് തികഞ്ഞ അവഗണനയാണെന്നും അനസ് തുറന്നടിച്ചു.
പൈസ കിട്ടുക എന്നതിലുപരി കേരള സര്‍ക്കാര്‍ നല്‍കുന്ന ഒരു അംഗീകാരമായാണ് ജോലിയെ കാണുന്നത്. ഒരു കോണ്‍സ്റ്റബിള്‍ ആകാന്‍ പോലുമുള്ള യോഗ്യത എനിക്കില്ലേ. എനിക്ക് 31ാം വയസില്‍ ജോലി തരാന്‍ പറ്റില്ലെന്ന് പറയുന്നു. ഐ.എം വിജയന് 37ാം വയസില്‍ ജോലി കൊടുക്കുന്നു. ഇതിനെ അവഗണന എന്നല്ലാതെ മറ്റെന്താണ് പറയുക- അനസ് പറഞ്ഞു.
വിരമിക്കാറായപ്പോഴാണ് ജോലിക്ക് അപേക്ഷ നല്‍കിയതെന്നാണ് യു. ഷറഫലി പറഞ്ഞത്. അത് തെറ്റാണ്. പ്രൊഷണല്‍ കളിക്കാന്‍ പോയി തിരിച്ചുവന്ന എത്രയോ പേര്‍ക്ക് ജോലി കൊടുത്തിട്ടുണ്ട്. ജോലിക്ക് തടസം നില്‍ക്കുന്നതില്‍ മുതിര്‍ന്ന താരങ്ങളുമുണ്ടാകാം’. താന്‍ ഇപ്പോഴും ജോലിക്കായി കാത്തിരിക്കുകയാണെന്നും റിനോ ആന്റോ പറഞ്ഞു.
Comments