ആലപ്പുഴ: രാമങ്കരിയിൽ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി വനിതാ നേതാവ്. ജില്ലാ പോലീസ് മേധാവിക്കാണ് ഇവർ പരാതി നൽകിയത്. പാർട്ടി നേതൃത്വത്തിന് ആദ്യം പരാതി സമർപ്പിച്ചെങ്കിലും നടപടി സ്വീകരിക്കാത്തതിനെ തുടർന്നായിരുന്നു യുവതി പോലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ ഒക്ടോബറിലാണ് പരാതിക്കാസ്പദമായ സംഭവം. തുടർന്ന് ആദ്യം ലോക്കൽ കമ്മിറ്റിക്ക് യുവതി പരാതി നൽകി. നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ സമീപിച്ചു. ഫലമുണ്ടാകാതെ വന്നപ്പോൾ സംസ്ഥാന കമ്മിറ്റി ഓഫീസിൽ നേരിട്ട് അന്വേഷിച്ചു. ജില്ലാ കമ്മിറ്റിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നായിരുന്നു യുവതിക്ക് ലഭിച്ച മറുപടി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം രണ്ട് മാസത്തിന് ശേഷം യുവതിയുടെ മൊഴിയെടുത്തു. എന്നാൽ തുടർന്ന് യാതൊരു നടപടി ഉണ്ടായില്ലെന്ന് വനിതാ അംഗം പറയുന്നു.
ലൈംഗികാതിക്രമത്തിൽ നടപടി സ്വീകരിക്കാതിരുന്ന പാർട്ടി കുറ്റാരോപിതന് സ്ഥാനക്കയറ്റം നൽകിയെന്നും പരാതിക്കാരി ആരോപിച്ചു. പരാതിക്കാസ്പദമായ സംഭവം നടക്കുന്ന സമയത്ത് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കുറ്റാരോപിതനെ പിന്നീട് ഏരിയാ കമ്മിറ്റി അംഗമാക്കി മാറ്റിയെന്നാണ് യുവതി പറയുന്നത്. സിപിഎമ്മിന്റെ പോഷക സംഘടനയുടെ ചുമതല കൂടി നൽകി ഇയാളെ പാർട്ടി സംരക്ഷിക്കുന്നുവെന്ന് തോന്നിയതോടെയാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.
















Comments