കാലടി; ലോട്ടറി വില്‍പ്പനക്കാരനായ കാഴ്ച പരിമിതനില്‍ നിന്ന് ടിക്കറ്റുകള്‍ മോഷ്ടിച്ച പ്രതിക്കായി തെരച്ചില്‍. കാലടി പിരാരൂര്‍ സ്വദേശി അപ്പുവിന്റെ ലോട്ടറി ടിക്കറ്റുകളാണ് സൈക്കിളില്‍ എത്തിയ ആള്‍ മോഷ്ടിച്ചത്. ലോട്ടറി വാങ്ങാനെന്നു പറഞ്ഞ് അടുത്തുകൂടി ഉണ്ടായിരുന്ന ടിക്കറ്റുകള്‍ കവര്‍ന്നെടുത്ത് കടന്നുകളയുകയായിരുന്നു.
ഇന്നലെ രാവിലെ 6 മണിയോടെ മറ്റൂര്‍ ജംഗ്്ഷനിലായിരുന്നു സംഭവം. 24 ലോട്ടറി ടിക്കറ്റുകളാണ് നഷ്ടമായത്. സംഭവം അറിഞ്ഞ് സമീപത്ത് ബേക്കറി കട നടത്തുന്ന സനോജ് അപ്പുവിന് നഷ്ടമായ 24 ലോട്ടറി ടിക്കറ്റുകളുടെ വില നല്‍കി.അപ്പുവിന് ലോട്ടറി ടിക്കറ്റുകള്‍ നഷ്ടമായ വിവരം സനോജ് മറ്റൂര്‍ ബോയ്‌സ് എന്ന വാട്‌സാപ് ഗ്രൂപ്പിലൂടെ അറിയിച്ചതിനെ തുടര്‍ന്നു സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ മാനേജര്‍ രാജ്കുമാര്‍ അപ്പുവിന്റെ വീട്ടിലെത്തി സാമ്പത്തിക സഹായം നല്‍കി.
മറ്റു പലരും അപ്പുവിനു സഹായ വാഗ്ദാനവുമായി എത്തിയിട്ടുണ്ട്. അപ്പുവിന്റെ കയ്യില്‍ നിന്നു ലോട്ടറി തട്ടിയെടുത്തയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍. മറ്റൂര്‍ ജംഗ്ഷനിലാണ് കാഴ്ചപരിമിതരായ ദമ്പതികള്‍ ലോട്ടറി കച്ചവടം നടത്തുന്നത്.ഭാര്യ രമയും സാധാരണ ഒപ്പം ഉണ്ടാകാറുണ്ട്. ഇന്നലെ മോഷണം നടന്ന സമയത്ത് അപ്പു മാത്രമേ വില്‍പനയ്‌ക്ക് എത്തിയിരുന്നുള്ളു. ബന്ധുവിന്റെ വീട്ടിലാണ് അപ്പുവും ഭാര്യയും താമസിക്കുന്നത്. ലൈഫ് പദ്ധതി പ്രകാരം ഇവര്‍ക്ക് അനുവദിച്ച വീടിന്റെ നിര്‍മാണം നടക്കുകയാണ്.
Comments