ദാവൂദ് ഇബ്രാഹിനെയും വിജയ് മല്ല്യയേയും പൂട്ടുന്ന വകുപ്പുമായി ഭാരതീയ ന്യായസംഹിത; പ്രതികളുടെ അസാന്നിധ്യത്തിലും വിചാരണ ഇന്ത്യയിൽ ചെയ്യാം; പ്രതിക്ക് ശിക്ഷ ഉറപ്പ്

Published by
Janam Web Desk

ന്യൂഡൽഹി: ദാവൂദ് ഇബ്രാഹിനെയും വിജയ് മല്ല്യയേയും പോലെയുള്ള  ക്രിമിനലുകൾക്ക്  ശിക്ഷ ഉറപ്പാക്കുന്ന വകുപ്പുമായി ഭാരതീയ ന്യായസംഹിത. പ്രതികളുടെ അസാന്നിധ്യത്തിലും ഇന്ത്യയിൽ വിചാരണ നടത്താൻ അനുവദിക്കുന്ന വകുപ്പ് പുതിയ ക്രിമിനൽ നിയമത്തിൽ ഉൾപ്പെടുത്തിയതോടു കൂടി കുറ്റം ചെയ്ത് രാജ്യം വിട്ടവർക്ക് ശിക്ഷ ഉറപ്പാക്കാൻ സാധിക്കും. ഇന്ത്യയിൽ ഇല്ലെങ്കിലും ക്രിമിനലുകളെ വിചാരണ ചെയ്യാനുള്ള വകുപ്പ് ഉൾപ്പെടുത്തിയാണ് ഭാരതീയ ന്യായസംഹിത തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യൻ ക്രിമിനൽ നിയമങ്ങളിൽ അടിമുടി മാറ്റം വരുത്താനുദ്ദേശിച്ച് മൂന്ന് ബില്ലുകളാണ് വെള്ളിയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ അവതരിപ്പിച്ചത്.

അധോലോകനായകൻ ദാവൂദ് ഇബ്രാഹിം പോലുള്ളവക്ക്  ഈ നിയമം വഴി ശിക്ഷ ഉറപ്പാകും . ‘ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ ആവശ്യപ്പെടുന്നുണ്ടെങ്കിലും അയാൾ രാജ്യത്ത് നിന്ന് ഒളിച്ചോടി.  ഇന്ത്യയിൽ ഇല്ലെങ്കിൽപ്പോലും അയാൾക്കെതിരായ കേസിൽ ഇവിടെ വിചാരണ നടക്കും.  അയാൾ ലോകത്തെവിടെയാണെങ്കിലും ശിക്ഷിക്കപ്പെടും.’- അമിത് ഷാ ലോക്സഭയിൽ വ്യക്തമാക്കി.

നിലവിൽ ഇന്ത്യയിൽ കുറ്റം ചെയ്ത ശേഷം  വിദേശരാജ്യങ്ങളിൽ അഭയം തേടിയാൽ ഇവിടെ വിചാരണ ചെയ്യാൻ സാധിക്കില്ല. അതിനാൽ  ഈ പ്രതികൾ വർഷങ്ങളോളം, ചിലപ്പോൾ ജീവിതകാലം മുഴുവൻ ശിക്ഷിക്കപ്പെടാതിരിക്കാം. ആ   സ്ഥിതി മാറ്റുന്ന രീതിയിലാണ് പുതിയ നിയമം.

തഹവൂർ റാണ,  വിജയ് മല്ല്യ, നീരവ് മോദി തുടങ്ങി വിദേശത്ത് അഭയം തേടിയ കൊടും ക്രിമിനലുകൾക്ക് പുതിയ വകുപ്പ് വെല്ലുവിളിയാകും. കുറ്റകൃത്യം നടത്തിയ ശേഷം രാജ്യം വിടാമെന്ന് കരുതുന്നവർക്കും  ഈ വകുപ്പ് താക്കീതാകും.

രാജ്യം നടുങ്ങിയ മുംബൈ ഭീകരാക്രമണത്തിലെ പ്രധാന പ്രതി തഹവൂർ റാണയെ  ഇന്ത്യയിലെത്തിച്ച് വിചാരണ ചെയ്യുമെന്ന് അമിത്ഷാ ലോക്സഭയിൽ പ്രഖ്യാപിച്ചിരുന്നു. അമേരിക്കയിൽ അഭയം തേടിയ റാണയെ ഉടൻ ഇന്ത്യയിലെത്തിച്ച് വിചാരണ നടത്തി ശിക്ഷ ഉറപ്പാക്കാനുള്ള നടപടികളിലാണ് കേന്ദ്രസർക്കാർ.

Share
Leave a Comment