രാജ്യത്തിനായി മുന്നൂര്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ മലയാളി ഗോള്‍കീപ്പറും മുന്‍ നായകനുമായ പി.ആര്‍ ശ്രീജേഷിനെ ആദരിച്ച് ഹോക്കി ഇന്ത്യ. ടീം അംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ 300 എന്നെഴുതിയ പ്രത്യേക തൊപ്പിയും ഒരു മൊമന്റോയും നല്‍കിയാണ് താരത്തെ ആദരിച്ചത്. മറുപടി പ്രസംഗത്തില്‍ വികാരാധീനനായ ശ്രീജേഷ് രാജ്യത്തിനായി കപ്പ് നേടുമെന്നും പറഞ്ഞു.
‘ഇതൊരു ടീമാണ്, എന്നെ ഞാനാക്കിയതും ഞാന്‍ ഇപ്പോള്‍ ഇവിടെ നില്‍ക്കുന്നതിനും കാരണവും ഈ ടീമാണ്. എനിക്ക് ആവശ്യമുള്ളപ്പോള്‍ എന്നെ പിന്തുണയ്‌ക്കുകയും സഹായിക്കുകയും ചെയ്തതിന് അവര്‍ക്ക് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മളെ എല്ലാം ഇവിടെ ഒരുമിക്കുന്നതിന് കാരണം ഹോക്കിയാണ്.
ഗോള്‍ കീപ്പര്‍മാര്‍ കൂടുതല്‍ ഉപദേശങ്ങള്‍ നല്‍കും. കളത്തിന് പുറത്ത് നിന്ന് മുഴുവന്‍ ഗെയിം കാണുകയായിരുന്നു. കളിക്കാര്‍ക്ക് നമ്മുടെ പദ്ധതികള്‍ക്കനുസരിച്ച് പോകാനായില്ലെങ്കില്‍ ടീം മീറ്റിംഗില്‍ നമ്മള്‍ അത് ചര്‍ച്ച ചെയ്യും. അവര്‍ എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമായ നിര്‍ദ്ദേശം നല്‍കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.
താനോ പഥക്കോ കളിക്കാരെ വിളിക്കുന്നത് നമ്മുടെ പ്രതിരോധത്തിലോ ആക്രമണത്തിലോ മാറ്റം വരുത്താനുള്ള അവശ്യ നിര്‍ദ്ദേശങ്ങള്‍ നല്‍കാനാണ്. പഥക് ഇന്നത് നന്നായി കൈകാര്യം ചെയ്തു. ജപ്പാന് ഗോളിലേക്ക് ഒരു ഷോട്ട് പോലും ഉണ്ടായിരുന്നില്ല. നമ്മുടെ ആദ്യ നിരയിലെ പ്രതിരോധം ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചു,” 35-കാരന്‍ വിശദീകരിച്ചു.
ടോക്കിയോ ഒളിമ്പിക്‌സില്‍ ഹോക്കി വെങ്കല മെഡല്‍ നേട്ടത്തിന് പിന്നാലെയാണ് പി. ആര്‍. ശ്രീജേഷിന് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ചത്. 2014ല്‍ ഗ്ലാസ്ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ പിആര്‍ ശ്രീജേഷും അംഗമായിരുന്നു. റിയോ 2016ല്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ഹോക്കി ടീമിന്റെ നായകസ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്.കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പിആര്‍ ശ്രീജേഷ് ഒരു ഉപദേഷ്ടാവിന്റെ റോളും ടീമില്‍ ഏറ്റെടുക്കുന്നു. 2015ല്‍ അര്‍ജുന അവാര്‍ഡും 2017ല്‍ പത്മശ്രീയും പിആര്‍ ശ്രീജേഷിനെ തേടിയെത്തിയിരുന്നു.
















Comments