ന്യൂഡൽഹി: ചൈനീസ് പണം പറ്റി ഇന്ത്യ വിരുദ്ധ പ്രചരണം നടത്തിയ ന്യൂസ് ക്ലിക്കിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് രാഷ്‌ട്രപതിയ്‌ക്കും ചീഫ് ജസ്റ്റിസിനും തുറന്ന കത്ത്. തൊലങ്കാന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ശ്രീധർ റാവു, മുൻ പ്രതിരോധ സെക്രട്ടറി യോഗേന്ദ്ര നരെയ്ൻ, മുൻ ആഭ്യന്തര സെക്രട്ടറി എൽ.സി ഗോയൽ, റോ മുൻ തലവൻ സഞ്ജീവ് ത്രിപാഠി, മുൻ എൻഐഎ ഡയറക്ടർ യോഗേഷ് ചന്ദർ മോദി, മുൻ യുപി ഡിജിപി വിക്രം സിംഗ്, മുൻ കേരള ഡിജിപിമാരായ ടി.പി സെൻകുമാർ, എം.ജിഎ. രാമൻ, എം.എൻ കൃഷ്ണമൂർത്തി തുടങ്ങിയ 255 പ്രമുഖരാണ് രാഷ്‌ട്രപതി ദ്രൗപദി മുർമുവിനും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനും കത്തയച്ചത്.
ഇന്ത്യ വിരുദ്ധതയിൽ വേദനിക്കുന്ന ഇന്ത്യക്കാരെന്ന നിലയിലാണ് ഇവർ കത്തയച്ചത്. വ്യാജ വാർത്ത കച്ചവടക്കാരിൽ നിന്നും നിക്ഷിപ്ത ലോബികളിൽ നിന്നും ഇന്ത്യ വിരുദ്ധത പുറത്തുവരികയാണ്. ന്യൂയോർക്ക് ടൈംസിന്റെ അന്വേഷണം ന്യൂസ് ക്ലിക്ക് എന്ന വാർത്താ പോർട്ടലിനെ തുറന്നുകാട്ടി. ചൈനയുടെ സഹായത്തോടെ നെവിൽ റോയ് സിംഘായാണ് ന്യൂസ് ക്ലിക്കിന് പണം നൽകുന്നത്. ഇവരെക്കുറിച്ച് അന്വേഷിക്കണം. ജനാധിപത്യത്തിൽ ഇടപെടാൻ ശ്രമിക്കുന്ന വിദേശ ശക്തികളെ നിയന്ത്രിക്കണം. 2018-നും 2021-നും ഇടയിൽ 76.9 കോടി രൂപയുടെ വിദേശ ഫണ്ട്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് ഇഡി 2021-ൽ ന്യൂസ് ക്ലിക്കിലും സ്ഥാപകനും എഡിറ്റർ-ഇൻ-ചീഫുമായ പ്രബിർ പുർകായസ്ഥയുടെ വീട്ടിലും റെയ്ഡ് നടത്തി. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സഹായിയാണ് നെവിൽ. ഇയാൾ ന്യൂസ് ക്ലിക്കിന് വൻതുക കൈമാറിയെന്നത് ഭയപ്പെടുത്തുന്നുവെന്ന് കത്തിൽ പറയുന്നു.
രാജ്യവിരുദ്ധ മാദ്ധ്യമങ്ങളെ തുറന്നു കാണിക്കണം. ഇന്ത്യ വിരുദ്ധ ഗൂഢാലോചനയുടെ വ്യാപ്തി കണ്ടെത്തണം. ശത്രുരാജ്യങ്ങളുടെ ഏജന്റുമാരെ നിയമത്തിന് മുൻപിൽ എത്തിക്കണം. ഇതിന് ഉന്നതതല അന്വേഷണം വേണം. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ജനാധിപത്യ പ്രക്രിയകളിൽ വിദേശ ശക്തികളുടെ നിർദ്ദേശപ്രകാരം ഇടപെടുകയും ചെയ്യുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ചില രാഷ്‌ട്രീയ പാർട്ടി നേതാക്കളുടെ ന്യൂസ് ക്ലിക്കുമായുള്ള ഇ-മെയിൽ ഇടപാടുകളടക്കമുള്ള കാര്യങ്ങൾ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. അത്തരക്കാർ നേതാക്കളല്ല, ഇടനിലക്കാരാണ്. അവരെ രാജ്യദ്രോഹികൾ എന്നാല്ലതെ വിശേഷിപ്പിക്കാൻ ഞങ്ങൾക്ക് വാക്കുകളില്ല. ഇത്തരം മാദ്ധ്യമ സ്ഥാപനങ്ങളാണ് സമുദായങ്ങൾക്കിടെ ഭിന്നത വിതയ്‌ക്കുന്നത്, സൈനികരുടെ ജീവത്യാഗത്തിന് ഉത്തരവാദികളായ ഒരു രാജ്യത്തെ വെള്ള പൂളുന്നുന്നതെന്നും കത്തിൽ പറയുന്നു.
Comments