തിരുവനന്തപുരം: മദ്യം വെച്ച് മുതലെടുക്കാൻ സർക്കാർ. സപ്ലൈകോയിൽ സാധനങ്ങളില്ലെങ്കിലും മദ്യപർക്ക് ആശ്വസിക്കാം, മദ്യത്തിന് ദൗർലഭ്യമുണ്ടാകാതിരിക്കാൻ സർക്കാർ എല്ലാവിധ നടപടിയും ആരംഭിച്ച് കഴിഞ്ഞു. ഇതിന് മുന്നോടിയായി ഒരു പിടി നിർദ്ദേശങ്ങളും ബെവ്‌കോ മുന്നോട്ട് വച്ചിട്ടുണ്ട്.
ജനപ്രിയ ബ്രാന്റുകൾ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പാക്കുന്നതിന് ഒപ്പം ബ്രാൻറ് നിർബന്ധം ഇല്ലാത്തവർക്ക് ജവാൻ തന്നെ നൽകണമെന്നും എംഡി പ്രത്യേകം നിർദ്ദേശിക്കുന്നു. നിർദ്ദേശങ്ങൾ ലംഘിച്ച് നഷ്ടം വരുത്തുന്ന ജീവനക്കാർക്ക് ബോണസ് അടക്കം ആനുകൂല്യങ്ങളുണ്ടാകില്ലെന്നും മുന്നറിയിപ്പുണ്ട്. വിദേശമദ്യത്തിന് ദൗർലഭ്യം നേരിടാതിരിക്കാൻ സ്‌റ്റോക്ക് ചെയ്യുന്നതിന്റെ 50 ശതമാനത്തോളം അധികമായി കരുതി വെയ്‌ക്കാനും നിർദ്ദേശമുണ്ട്. മദ്യം വാങ്ങാൻ ഔട്‌ലെറ്റിലെത്തുന്നവർക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാകരുതെന്നാണ് വെയ്ർഹൗസ് -ഔട്ട് ലെററ് മാനേജർമാർക്കുള്ള നിർദ്ദേശം. ജനപ്രിയ ബ്രാൻറുകളടക്കം ആവശ്യമുള്ള മദ്യം വെയർഹൗസിൽ നിന്നും കരുതണം. സ്റ്റോക്ക് ഉപഭോക്താക്കൾ കാണുന്ന രീതിയിൽ പ്രദർശിപ്പിക്കണം. പ്രത്യേകിച്ചൊരു ബ്രാന്റും ഉപഭോക്താവ് ആവശ്യപ്പെട്ടില്ലെങ്കിൽ സർക്കാരിന്റെ സ്വന്തം ബ്രാൻറായ ജവാൻ റം നൽകണം.
ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാൻ പ്രത്യേക കരുതൽ വേണമെന്നും നിർദ്ദേശത്തിൽ പറയുന്നു. കൂടുതൽ ഡിജിറ്റൽ ഇടപാട് നടത്തുന്ന മൂന്ന് ഔട്ട്‌ലെറ്റുകൾക്ക് അവാർഡ് നൽകും. നീണ്ട ക്യൂ ഒഴിവാക്കണം. ഔട്ട്‌ലെറ്റുകൾ വൃത്തിയോടെ പരിപാലിക്കണം. റെക്കോർഡ് വിൽപനയുള്ള സമയമായതിനാൽ ഓണക്കാലത്ത് ജീവനക്കാർ അവധിയെടുക്കാൻ പാടില്ല. ബാങ്ക് അവധിയായ ദിവസങ്ങളിൽ പ്രതിദിന കളക്ഷൻ മൂന്നു മണിക്ക് മുൻപായി വെയ്ർ ഹൗസുകളിൽ എത്തിക്കണം. നിർദ്ദേശങ്ങൾ തെറ്റിക്കുന്ന ഉദ്യോഗസ്ഥർക്ക് ബോണസുണ്ടാവില്ല. വിൽപ്പനയില്ലാതെ ഔട്ട്‌ലെറ്റുകളിൽ ഏതെങ്കിലും ബ്രാൻറ് കെട്ടികിടക്കുന്നുണ്ടെങ്കിൽ വിൽപന തീയതി കഴിഞ്ഞവയല്ലെങ്കിൽ ശാസ്ത്രീയ പരിശോധന നടത്തി മാത്രമേ വിൽക്കാൻ പാടുള്ളൂ. എല്ലാം ശരിയാണോ എന്ന് ഉറപ്പിക്കാൻ മിന്നൽ പരിശോധനകളുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
ഓണവിപണിയിലൂടെ 50 കോടി മുതൽ 75 കോടി രൂപ വരെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ജവാന്റെ പ്രതിദിന ഉത്പാദനം 8,000 കെയ്‌സിൽ നിന്ന് 12,00 കെയ്‌സായി ഇതിനോടകം ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം 700.60 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റഴിച്ചത്. ഓണം അടുക്കുന്നതോടെ മദ്യ വിൽപ്പനയിൽ വൻ മുന്നേറ്റമുണ്ടാകുമെന്നാണ് ബെവ്‌കോയുടെ കണക്കുകൂട്ടൽ.
















Comments