കീവ്: യുക്രെയ്‌നിലെ കെർസണിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ നവംബറിൽ കെർസണിന്റെ ഭാഗമായ കീവ് റഷ്യയുടെ കയ്യിൽ നിന്ന് യുക്രെയ്ൻ വീണ്ടെടുത്തെങ്കിലും കെർസണിൽ വീണ്ടും റഷ്യ ഷെല്ലാക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ ഷിറോക ബാൽക്ക ഗ്രാമത്തിലെ ഒരു കുടുംബത്തിലെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. തൊട്ടടുത്ത പ്രദേശമായ സ്റ്റാനിസ്ലാവിലെ ഒരു പള്ളിയിലെ പാസ്റ്റർ ഉൾപ്പെടെയുളള രണ്ട് പേർ കൊല്ലപ്പെട്ടതായി ഗവർണർ ഒലെക്സാണ്ടർ പ്രോകുഡിനും അറിയിച്ചു.
കെർസൺ മേഖലയിൽ മാത്രം 17 ഷെല്ലാക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ മൈക്കോളൈവ്, സപ്പോരിജിയ, ഡോൺബാസ്, ഖാർകീവ്, വടക്കുകിഴക്കൻ യുക്രെയിനിലെ അതിർത്തി പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലും റഷ്യയുടെ ആക്രമണങ്ങൾ ഉണ്ടായതായി സെലെൻസ്‌കി പറഞ്ഞു. ഖാർകീവിൽ നിന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ നൂറിലധികം പേരെ ഒഴിപ്പിച്ചതായി ഖാർകീവ് സൈനിക തലവൻ ഒലെഹ് സിനീഹുബോവ് അറിയിച്ചു.
















Comments