തിരുവനന്തപുരം: 77-ാം സ്വാതന്ത്ര്യദിനത്തിൽ വിപുലമായ ആഘോഷങ്ങൾക്കൊരുങ്ങി സംസ്ഥാനം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ രാവിലെ ഒൻപത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റ് സേനാ വിഭാഗങ്ങളുടെയും എൻ.സി.സി, സ്‌കൗട്ട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് എന്നിവരുടെയും പരേഡ് നടക്കും. മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകും.
വിശിഷ്ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകൾ, ഫയർ സർവ്വീസ് മെഡലുകൾ, കറക്ഷനൽ സർവ്വീസ് മെഡലുകൾ, ജീവൻ രക്ഷാപതക്കങ്ങൾ എന്നിവ മുഖ്യമന്ത്രി സമ്മാനിക്കും. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികൾ ദേശഭക്തി ഗാനങ്ങൾ അവതരിപ്പിക്കും. ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാർ ദേശീയ പതാക ഉയർത്തും. ചടങ്ങുകൾ രാവിലെ ഒൻപതിനോ അതിന് ശേഷമോ നടക്കും. സബ് ഡിവിഷൻ, ബ്ലോക്ക് തലം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവടങ്ങളിലും രാവിലെ ഒൻപതിനോ അതിന് ശേഷമോ ആണ് പതാക ഉയർത്തുക. സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലെ ജീവനക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, കോളേജുകൾ, സ്‌കൂളുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവടങ്ങളിലെ എല്ലാ ഉദ്യോഗസ്ഥരും സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കണമെന്ന് പൊതുഭരണ വകുപ്പ് നിർദേശം നൽകി.
പ്ലാസ്റ്റിക് നിർമിത പതാകകൾക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. ഹരിത പ്രോട്ടോകോൾ പാലിക്കണമെന്ന നിർദ്ദേശത്തെ തുടർന്നാണ് പൊതുഭരണ വകുപ്പ് നിരോധനമേർപ്പെടുത്തിയത്. 2002-ലെ പതാക നിയമത്തിലെ കർശന വ്യവസ്ഥകൾ പാലിക്കാനും നിർദ്ദേശമുണ്ട്. കോട്ടൺ, പോളിസ്റ്റർ, നൂൽ, സിൽക്ക്, ഖാദി എന്നിവ ഉപയോഗിച്ചുള്ളതോ കൈകൊണ്ട് നിമ്മിച്ചതോ, മെഷീൻ നിർമ്മിതമായതോ ആയ ദേശീയ പതാകകളാണ് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ ഉപയോഗിക്കേണ്ടതെന്ന് പൊതുഭരണ വകുപ്പ് നിർദേശം നൽകി.
Comments