ന്യൂഡൽഹി: 77-ാം സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാത്മാ ഗാന്ധിയുടെ സ്മൃതി മണ്ഡപമായ രാജ്ഘട്ടിൽ എത്തി പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു അദ്ദേഹം സ്വാതന്ത്ര്യ ദിന ആഘോഷ ചടങ്ങുകൾക്കായി എത്തിയത്. ചെങ്കോട്ടയിൽ എത്തിയ പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്, സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.
പ്രിയപ്പെട്ട കുടുംബത്തിലെ 140 കോടി അംഗങ്ങൾ എന്ന് ഭാരതീയരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം ആരംഭിച്ചത്. രാജ്ഗുരു, ഭഗത് സിംഗ്, സുഖ്‌ദേവ് തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികളെ അദ്ദേഹം സ്മരിച്ചു. അവരുടെ ബലിദാനവും സഹനവുമാണ് രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അരബിന്ദ ഘോഷ്, ദയാനന്ദ സരസ്വതി എന്നിവരെയും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു.
രാജ്യം മണിപ്പൂരിനൊപ്പമാണെന്ന് പ്രധാമന്ത്രി പറഞ്ഞു. മണിപ്പൂരിൽ നടന്നത് ഹിംസാത്മക പ്രവർത്തനങ്ങളാണ്. സ്ത്രീകൾ അടക്കമുള്ളവർ ദുരവസ്ഥനേരിട്ടു. മണിപ്പൂരിൽ സമാധാനം പുലരണം. ഇതിനുള്ള ശ്രമത്തിലാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളെന്നും ചെങ്കോട്ട പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി.
140 കോടി അംഗങ്ങളുള്ള കുടുംബം ഇന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ജനസംഖ്യയുടെ കാര്യത്തിലും ഇന്ന് ഒന്നാമതാണ്. രാജ്യം ഇന്ന് ലോകത്തിലെ മറ്റുരാജ്യങ്ങൾക്കൊപ്പം മുന്നേറുകയാണ്. ഇതിന് പിന്നിൽ നമ്മുടെ രാജ്യത്തെ ജനങ്ങളുടെ പരിശ്രമമാണ്. വികസിത ഇന്ത്യയിൽ ലോകം പ്രതീക്ഷ അർപ്പിക്കുന്നു. രാഷ്‌ട്രം നഷ്ടപ്പെട്ട പ്രതാപം തീർച്ചയായും വീണ്ടെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്ത് നടക്കുന്ന സാങ്കേതിക വിപ്ലവത്തിൽ ഭാരതത്തിന്റെ സംഭാവന നിർണായകമാണ്. കയറ്റുമതിയിലും രാജ്യം നിർണായക നേട്ടം കൈവരിച്ചു. കർഷകരും യുവജനങ്ങളും രാജ്യത്തിന്റെ പുരോഗതിയിൽ പ്രധാന ഘടകങ്ങളാണ്. മികച്ച കായിക താരങ്ങൾ വളർന്നുവരുന്നു. ജനാധിപത്യമാണ് രാജ്യത്തിന്റെ ശക്തി. സാങ്കേതിക മേഖലയിൽ ഇന്ത്യ ഇന്ന് നിർണായക ശക്തിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments