ന്യൂഡൽഹി: രാജ്യത്തെ പരമ്പരാഗത തൊഴിൽ മേഖലയ്‌ക്കായി വിശ്വകർമ്മ യോജനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കർത്തവ്യപഥിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ ഏറ്റവും കൂടുതൽ പേർ തൊഴിൽ ചെയ്യുന്ന പരമ്പരാഗത മേഖലയ്‌ക്കായി 13,000 കോടി രൂപയുടെ ബൃഹത് സംരംഭമാണ് നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കുന്നത്്. സെപ്തംബർ 17-ന് വിശ്വകർമ ജയന്തി ദിനത്തിൽ പദ്ധതി ആരംഭിക്കും.
രാജ്യത്തെ സ്വർണ്ണപ്പണിക്കാർ, ഇരുമ്പ് പണിക്കാർ, അലക്കുകാർ, ബാർബർമാർ, കൽപ്പണിക്കാർ എന്നിവർക്കായി വിശ്വകർമ യോജന ആരംഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇവരിൽ നല്ലൊരു ശതമാനം ഒബിസി വിഭാഗത്തിൽ നിന്നുള്ളവരാണ്. ഈ വിഭാഗത്തിന് പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുക. അവരുടെ പരമ്പരാഗത വൈദഗ്‌ദ്ധ്യം രാജ്യ പുരോഗതിക്ക് പ്രയോജപ്പെടുത്തുന്ന രീതിയിലാണ് ഇത് നടപ്പാക്കുക. 13,000- 15,000 കോടി രൂപയാണ് ഇതിനായി കേന്ദ്രസർക്കാർ മാറ്റിവെക്കുന്നത് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് സ്ത്രീകളടക്കമുള്ള പരമ്പരാഗത വിദഗ്ധ തൊഴിലാളികൾക്ക് മികച്ച പങ്ക് വഹിക്കാൻ സാധിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കരകൗശല വിദഗ്ധരുടെ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം ഉയർത്തുക, ഉത്പന്നങ്ങളുടെ വിപണി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുക, ഉത്പന്നങ്ങൾക്ക് മികച്ച മൂല്യം ഉറപ്പാക്കുക എന്നിവ വിശ്വകർമ യോജനയിലൂടെ ലക്ഷ്യമിടുന്നു. തൊഴിലാളികളുടെ സാമ്പത്തിക ശാക്തീകരണത്തിന് വിശ്വകർമ്മ യോജന കാരണമാകും. കൂടാതെ പട്ടികജാതി- പട്ടികവർഗം, മറ്റ് പിന്നോക്ക സമുദായങ്ങൾ, സ്ത്രീകൾ, ട്രാൻസ്ജെൻഡർ, സമൂഹത്തിലെ മറ്റ് ദുർബല വിഭാഗങ്ങൾ എന്നിവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തലും വിശ്വകർമ്മ യോജനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്.
















Comments