കണ്ണൂർ: വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ അസ്വസ്ഥനായി വീണയുടെ ഭർത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസ്. വിവാദവുമായി ബന്ധപ്പെട്ട വിവിധ ചോദ്യങ്ങൾക്ക് ഒരേ മറുപടിയായിരുന്നു മന്ത്രി ആവർത്തിച്ചത്.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിശദമായ പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ടെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി തന്നെ നിലപാട് പറഞ്ഞിട്ടുണ്ടെന്നും എത്ര ആവർത്തിച്ച് ചോദിച്ചാലും ഇത് തന്നെയാണ് പറയാനുള്ളതെന്നും എത്ര ആവർത്തിച്ച് ചോദിച്ചാലും ഇത് തന്നെയാണ് മറുപടിയെന്ന് പറഞ്ഞായിരുന്നു മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്നും മന്ത്രി തടിതപ്പിയത്. മാസപ്പടി വിവാദത്തിൽ ദൃശ്യമാദ്ധ്യമ ചർച്ചകളുടെ പ്രൊമോ കൊടുക്കുമ്പോൾ തന്റെ ചിരിക്കുന്ന മുഖമാണ് നൽകുന്നതെന്നും പേടിച്ച മുഖം നൽകാൻ പോസ് ചെയ്ത ഫോട്ടോ നൽകാമെന്നും മന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യം ലഭിക്കാത്ത വിഭാഗം മാദ്ധ്യമപ്രവർത്തകരാണെന്നും ഉടമകളുടെ രാഷ്‌ട്രീയ താത്പര്യത്തിനനുസരിച്ച് മനഃസാക്ഷിക്ക് അനുസരിച്ചുള്ള വാർത്ത നൽകാൻ മാദ്ധ്യമപ്രവർത്തകർക്ക് കഴിയുന്നില്ലെന്നുമായിരുന്നു ഭാര്യയുൾപ്പെട്ടെ വിവാദത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചത്. മാദ്ധ്യമങ്ങളിലെ അന്തിചർച്ചയിലെ വിഷയങ്ങളുടെ സ്ഥാനം ചവറ്റുകൊട്ടയിലാണെന്നും റിയാസ് അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
Comments