അരനൂറ്റാണ്ടുകൾക്ക് ശേഷം ചന്ദ്രനിലേക്ക് കുതിക്കവെ യാത്രയുടെ ആദ്യ ചിത്രങ്ങൾ പങ്കുവെച്ച് റഷ്യയുടെ ലൂണ-25. റഷ്യയുടെ ബഹിരാകാശ പര്യവേഷണത്തിലെ സുപ്രധാന നാഴികകല്ലെന്ന നിലയിലാണ് ആദ്യ ചിത്രങ്ങൾ ബഹിരാകാശത്ത് നിന്നും പങ്കുവെച്ചിരിക്കുന്നത്. ലൂണ-25 ആദ്യ ചിത്രങ്ങൾ വിജയകരമായി പകർത്തുകയും കൈമാറുകയുമായിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് പേടകം പങ്കുവെച്ചിരിക്കുന്നത്. ബഹിരാകാശ പേടകത്തിൽ റഷ്യൻ പതാകയും മിഷൻ പാച്ചുമുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.
ഓഗസ്റ്റ് 13 ഞായറാഴ്ചയാണ് ലൂണ-25 ചിത്രങ്ങൾ പകർത്തിയത്. തൊട്ടടുത്ത ദിവസം ബഹിരാകാശ ഏജൻസി അവ പുറത്ത് വിടുകയായിരുന്നു. ബഹിരാകാശ ഏജൻസി റോസ്‌കോസ്‌മോസിന്റെ ടെലിഗ്രാം അപ്‌ഡേറ്റ് പ്രകാരം ചന്ദ്രനിൽ നിന്നും ഏകദേശം 3,10,000 കിലോമീറ്റർ അകലെ നിന്നാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ലൂണ-25 ഓഗസ്റ്റ് 16-ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും. ഇതിന് ശേഷം ഓഗസ്റ്റ് 21-നോ 22-നോ ആകും സോഫ്റ്റ് ലാൻഡിംഗിന് പരിശ്രമിക്കുക.
ഭാരം കുറഞ്ഞ പേലോഡ് ആണ് പേടകം വഹിക്കുന്നത്. ഇതിന് പുറമേ കൂടുതൽ ഇന്ധന സംഭരണം ഉള്ളതിനാൽ തന്നെ ചന്ദ്രനിലേക്ക് നേരിട്ടുള്ള പാതയാണ് ലൂണ-25 സ്വീകരിച്ചിരിക്കുന്നത്. ഏകദേശം 47 വർഷങ്ങൾക്ക് ശേഷമാണ് റഷ്യ ചാന്ദ്ര ദൗത്യവുമായി മുന്നിട്ടിറങ്ങുന്നത്. റഷ്യയിലെ അമുർ മേഖലയിലെ വോസ്‌റ്റോക്‌നി കോസ്‌മോഡ്രോമിൽ നിന്നും ഓഗസ്റ്റ് 11-നാണ് ലൂണ-25 വിക്ഷേപിക്കുന്നത്. ഒരു വർഷത്തോളം നീണ്ടു നിൽക്കുന്ന പഠനമാണ് റഷ്യ പര്യവേഷണത്തിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്.
















Comments