അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ആയോധന കലയായ ജിയു ജിറ്റ്‌സു മുറകൾ അവതരിപ്പിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് സുൽത്താൻ അൽ നിയാദി. ബഹിരാകാശ ദൗത്യം ജിയു ജിറ്റ്‌സുവിനോടുള്ള അഭിനിവേശം വർദ്ധിപ്പിച്ചുവെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
20 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ നീല യൂണിഫോമും പർപ്പിൾ നിറത്തിലുള്ള ബെൽറ്റും ധരിച്ചാണ് നിയാദിയുള്ളത്. വീഡിയോയിൽ സുൽത്താൻ അൽ നിയാദി വിവിധ തരത്തിലുള്ള അഭ്യാസ മുറകൾ ചെയ്യുന്നത് കാണാം. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ താമസിച്ചിരുന്ന കാലഘട്ടത്തിൽ മൈക്രോഗ്രാവിറ്റിയിൽ പരിശീലിച്ചതാണ് ഇവ.
പരമ്പരാഗത ആയോധനകലയായ ജിയു ജിറ്റ്‌സു സല്യൂട്ട് ചെയ്തുകൊണ്ടാണ് വീഡിയോയുടെ ആരംഭം. വായുവിൽ കരണം മറിയുന്നതും കാലുകൾ മടക്കി ഇരിക്കുന്നതും ബാക്ക് റോളുകൾ ചില സ്‌ക്വാറ്റുകളും വീഡിയോയിൽ കാണാവുന്നതാണ്. വർഷങ്ങളായി ഈ ആയോധനകല പരിശീലിക്കുന്നുണ്ടെന്നും മൈക്രോഗ്രാവിറ്റിയിൽ നീങ്ങാനും ശാരീരിക പ്രവർത്തനങ്ങൾ നടത്തുന്നതിനും ഇത് വളരെയധികം സഹായകമാണെന്ന് നിയാദി വീഡിയോയ്‌ക്കൊപ്പം കുറിച്ചു.
ബഹിരാകാശ നടത്തം പൂർത്തിയാക്കിയ ആദ്യ അറബ് വംശജൻ, അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ഏറ്റവുമധികം ദിവസം താമസിച്ച അറബ് ലോകത്തെ ആദ്യ യാത്രികൻ എന്നീ ചരിത്ര നേട്ടങ്ങൾ സുൽത്താൻ അൽ നിയാദിക്ക് സ്വന്തമാണ്. ഈ മാസം അവസാനത്തോടെ ഭൂമിയിലേക്ക് തിരികെയെത്തുമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.














Comments