കഴിഞ്ഞ ഒരു വർഷത്തിനിടെ ഐഎസ്ആർഒ കൈവരിച്ചത് വിലമതിക്കാനാവാത്ത നേട്ടമെന്ന് ചെയർമാൻ എസ് സോമനാഥ്. ഉപഗ്രഹ വിക്ഷേപണത്തിനപ്പുറം മറ്റ് പ്രധാന ദൗത്യങ്ങളിലും റെക്കോർഡ് നേട്ടമാണ് നേടിയിരിക്കുന്നത്. ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംസാരിക്കവെയാണ് എസ് സോമനാഥ് ഇക്കാര്യം പറഞ്ഞത്. ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്ത് നടന്ന 77-ാമത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തത്.
കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിൽ നിന്നും ഇന്നെത്തി നിൽക്കുമ്പോൾ നിരവധി ദൗത്യങ്ങളിൽ വിജയിക്കാൻ സാധിച്ചു. ഇതിൽ ഈ വർഷം നടന്ന ചാന്ദ്ര ദൗത്യമാണ് ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ചന്ദ്രയാൻ-3 രാജ്യത്തിന്റെ സുപ്രധാന ദൗത്യമാണ്. രാജ്യം മുഴുവൻ പേടകത്തിന്റെ സോഫ്റ്റ് ലാൻഡിംഗിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ ദൗത്യങ്ങൾ നിർവ്വഹിക്കും. ഇതിൽ പ്രധാനം ആദിത്യ-എൽ1 ആണ്. ഇതിന്റെ വിക്ഷേപണത്തിനായി ഇസ്രോ തയ്യാറെടുപ്പുകൾ നടത്തുകയാണ്- എസ് സോമനാഥ് പറഞ്ഞു.
എക്‌സ്‌പോസാറ്റ് വിക്ഷേപണത്തിനായി സജ്ജമാണെന്നും ഇതിന് പുറമേ മറ്റൊരു കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ്-3ഡിഎസ് വിക്ഷേപിക്കുന്നതിനുള്ള തയാറെടുപ്പുകൾ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ
ഗഗൻയാൻ ദൗത്യത്തിന്റെ വിക്ഷേപണവും ഈ വർഷവും നടക്കും.
Comments