ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സംഘർഷ മേഖലകളിൽ സമാധാനം പുനസ്ഥാപിക്കാൻ ഇന്ത്യ-ചൈന കോർപ്സ് കമാൻഡർ തല ചർച്ചയിൽ ധാരണ. ഓഗസ്റ്റ് 13-14 തീയതികളിൽ ഇന്ത്യൻ മേഖലയിലെ ചുഷുൽ-മോൾഡോ അതിർത്തിയി നടന്ന 19-ാം സൈനിക തല ചർച്ചയിലാണ് ധാരണയായത്. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്തവനയിലാണ് ഇക്കാര്യം പറഞ്ഞത്.
പടിഞ്ഞാൻ സെക്ടറിലെ എൽഎസിയിലെ പ്രശ്‌നത്തിൽ ഇരുപക്ഷവും തമ്മിൽ ക്രിയാത്മക ചർച്ച നടന്നു. നേതൃത്വം നൽകിയ മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് ചൈന തുറന്ന സമീപനം സ്വീകരിച്ചതായും പ്രസ്താവനയിൽ പറയുന്നു. ശേഷിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനായുള്ള സൈനിക, നയതന്ത്ര ചർച്ചകൾ വേഗത്തിലാക്കാനും അതുവരെ അതിർത്തി പ്രദേശങ്ങളിൽ സമാധാനം നിലനിർത്താനും ഇരുപക്ഷവും ധാരണയായി.
ഗാൽവാൻ താഴ്വര, പാംഗോങ് സോ, ഗോഗ്ര, ഹോട്ട് സ്പ്രിംഗ്സ് എന്നിവിടങ്ങളിൽ നിന്ന് നാല് റൗണ്ട് പിരിച്ചുവിടലുകൾ ഉണ്ടായിട്ടും, ഇരുഭാഗത്തും വിപുലമായ സൈനിക വിന്യാസമുണ്ട്. ദൗലെറ്റ് ബെഗ് ഓൾഡി സെക്ടറിലെ ഡെപ്സാങ്ങിലെയും ഡെംചോക്ക് സെക്ടറിലെ ചാർഡിംഗ് നുല്ല ജംഗ്ഷനിലെയും പ്രശ്നങ്ങൾ ഇപ്പോഴും ചർച്ചയിലാണ്. 2020- ലാണ് ഗാൽവാൻ താഴ്വരയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടിയത്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായെങ്കിലും പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.
Comments