കോട്ടയം: മാസപ്പടി വിവാദത്തിന്റെ പേരിൽ പാവപ്പെട്ടൊരു പെൺകുട്ടിയെ ആക്രമിക്കുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്‌ക്കെതിരായി നടക്കുന്ന പ്രചാരണങ്ങൾ മുഖ്യമന്ത്രിയെ ഉന്നംവെച്ചാണെന്നും വിവാദ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് വീണ വാങ്ങിയ പണം കൺസൾട്ടൻസി ഫീസ് മാത്രമാണെന്നും ജയരാജൻ ന്യായീകരിച്ചു. വീണക്കെതിരെ വ്യക്തിഹത്യ നടത്തരുതെന്നും അദ്ദേഹം പ്രതികരിച്ചു.
‘കൺസൾട്ടൻസി പാടില്ലേ? നമ്മുടെ തകർന്ന് പോയ വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിനായി എത്രയോ കൺസൾട്ടൻസി കമ്പനികൾ ഇവിടെ പ്രവർത്തിക്കുന്നു. തകർന്നു പോയ ഫാക്ടറികളിൽ സാമ്പത്തിക ക്രമീകരണം നടത്താൻ കാലഘട്ടത്തിന് അനുയോജ്യമായ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന എത്രയോ പേർ കേരളത്തിലുണ്ട്. ഇത്തരത്തിൽ ഉപദേശം നൽകുന്നവർക്ക് ധാരാളം ഫീസ് ലഭിക്കുന്നുണ്ട്. ഇത് ചെയ്യുന്ന ആയിരക്കണക്കിനാളുകൾ ഇവിടെയുണ്ട്. ഇപ്പോഴുണ്ടായ വിവാദം മുഖ്യമന്ത്രിയെ ആക്രമിക്കാനാണ്. ഇതിന് വേണ്ടി എന്തിനാണ് പാവപ്പെട്ട പെൺകുട്ടിയെ ആക്രമിക്കുന്നത്. ‘ ജയരാജൻ പ്രതികരിച്ചു.
Comments