പരിസ്ഥിതി സൗഹൃദ ഗതാഗതം യാഥാർത്ഥ്യമാക്കുന്നതനും പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനുമായി ലക്ഷ്യമിട്ട് പിഎം ഇ-ബസ് സേവ പദ്ധതിയ്‌ക്ക് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകിയിരുന്നു. 169 നഗരങ്ങളിലായി 10,000 ഇ ബസുകളാകും പദ്ധതി പ്രകാരം അനുവദിക്കുക. 57,613 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക്, 20,000 കോടി രൂപയുടെ സഹായം കേന്ദ്ര സർക്കാർ നൽകും. ബാക്കി സംസ്ഥാന സർക്കാരുകൾ, പദ്ധതിയിൽ ചേരുന്ന സ്വകാര്യ പങ്കാളികൾ എന്നിവരാണ് വഹിക്കേണ്ടത്.
പൊതു ഗതാഗതം കുറവുള്ള നഗരങ്ങൾക്കാണ് പദ്ധതി പ്രകാരം മുൻഗണന നൽകുന്നത്. 2037-ഓടെ പദ്ധതി യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യം. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാകും (പിപിപി) ഇ-ബസ് വിന്യസിക്കുക. വിവിധ പദ്ധതികൾ യാഥാർത്ഥ്യമാക്കാനായി സർക്കാർ ഏജൻസിയും സ്വകാര്യ മേഖലയിലെ കമ്പനിയുമായി സഹകരിച്ച് നടത്തുന്ന വികസന പ്രവർത്തനങ്ങളെയാണ് പിപിപി മാതൃക എന്ന് പറയുന്നത്.
തിരഞ്ഞെടുക്കുന്ന നഗരങ്ങളിൽ നോൺ മോട്ടറൈസ്ഡ് ട്രാൻസ്‌പോർട്ട് (സൈക്കിൾ, സ്‌കേറ്റ് ബോർഡ്‌സ്, പുഷ് സ്‌കൂട്ടറുകൾ, വീൽ ചെയറുകൾ, റിക്ഷകൾ തുടങ്ങിയവ) എന്നിവയും പ്രോത്സാഹിപ്പിക്കും. അഞ്ച് ലക്ഷം മുതൽ 40 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളിലാകും ഇ-ബസുകൾ അവതരിപ്പിക്കുക. അഞ്ച് ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളിൽ 50 ബസുകളും അഞ്ച് ലക്ഷം മുതൽ 20 ലക്ഷം വരെ ജനസംഖ്യയുള്ളവയിൽ 100 ബസുകളും 20 മുതൽ 40 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളിൽ 150 ബസുകളും നൽകുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ വ്യക്തമാക്കിയിരുന്നു. പുതിയ ബസുകൾ അവതരിപ്പിക്കുന്നതോടെ ഡീസൽ ബസുകൾ പൂർണമായും ഒഴിവാക്കും.
ഇതിന് പുറമേ 181 നഗരങ്ങളിൽ പരിസ്ഥിതി സൗഹൃദ സംരംഭങ്ങൾക്ക് കീഴിൽ നവീകരിക്കാനും പദ്ധതിയുണ്ട്. രണ്ട് ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുക. ആദ്യഘട്ടത്തിൽ 169 നഗരങ്ങളിൽ ഇ-ബസുകളും 181 നഗരങ്ങളിൽ സംരംഭങ്ങളും ആരംഭിക്കും. അനുവദിക്കുന്ന 20,000 കോടി രൂപയിൽ 15,930 കോടി രൂപ ബസുകൾക്കും 2,264 കോടി അടിസ്ഥാന സൗകര്യ വികസനത്തിനും 1,506 കോടി രൂപ ഗ്രീൻ അർബൻ മൊബിലിറ്റിക്ക് വേണ്ടിയും നൽകും.പദ്ധതി പ്രകാരം ബസ് സർവീസുകൾ നടത്തുന്നതിനും ബസ് ഓപ്പറേറ്റർമാർക്ക് പണം നൽകുന്നതിനുമുള്ള ചുമതല അതത് സംസ്ഥാന സർക്കാരുകൾക്കാണ്. നിർദ്ദിഷ്ട പദ്ധതിയിൽ കേന്ദ്ര സർക്കാർ സബ്‌സിഡിയും നൽകുമെന്നറിയിച്ചിട്ടുണ്ട്.















