ഇടുക്കി: ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയിൽ ഹർത്താൽ. 12 മണിക്കൂർ ഹർത്താലാണ് ഇടുക്കിയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ദുരന്തനിവാരണ നിയമപ്രകാരം 13 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ നിർമ്മാണ നിരോധന ഉത്തരവ് പിൻവലിക്കുക, ഭൂപതിവ് നിയമങ്ങൾ ഭേദഗതി ചെയ്യുക, വന്യജീവി ശല്യം തടയാൻ നടപടി സ്വീകരിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളാണ് ഹർത്താലിൽ മുന്നോട്ട് വെച്ചിരിക്കുന്നത്.
വൈകിട്ട് ആറു വരെ നടത്തുന്ന ഹർത്താലിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ പ്രകടനവും നടക്കും. ഹര്‍ത്താല്‍ പരിഗണിച്ച് ഇടുക്കി ജില്ലയില്‍ ഇന്ന് നടത്താനിരുന്ന എൽപി, യുപി, എച്ച് എസ് ക്ലാസുകളിലെ പരീക്ഷകൾ മാറ്റി. മാറ്റിവെച്ച പരീക്ഷ ഈ മാസം 25-ന് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. മഹാത്മാ ഗാന്ധി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും ശനിയാഴ്ചയിലേയ്‌ക്ക് മാറ്റിവെച്ചു.
ഹർത്താലാണെങ്കിലും കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഓണക്കാലമായതിനാൽ വ്യാപാരത്തിന് തിരിച്ചടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർത്താൽ ബഹിഷ്‌കരിച്ചു കൊണ്ട് കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരിക്കുന്നത്.
Comments