ഡബ്ലിൻ: ഡക്ക്വർത്ത് ലൂയിസ് നിയമം വിധിയെഴുതിയ ടി20 മത്സരത്തിൽ അയർലൻഡിനെതിരെ ഇന്ത്യയ്‌ക്ക് വിജയം. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് ഉയർത്തിയ 139 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ സ്‌കോർ 6.5 ഓവറിൽ 47 റൺസിൽ നിൽക്കെ മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു. ഒടുവിൽ മത്സരം പുനരാരംഭിക്കാൻ സാധിക്കാതെ വന്നതോടെ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയർലൻഡിന് ആദ്യ ഓവറിൽ തന്നെ തിരിച്ചടി നേരിട്ടു. ആൻഡ്ര്യു ബാൽബിർണി നാല് റൺസും ലോർകൻ ടക്കർ രൺസൊന്നും എടുക്കാതെയും പുറത്തായി. ഹാരി ടെക്ടർ (9), പോൾ സ്റ്റിർലിങ് (11), ജോർജ് ഡോക്റെൽ (1), മാർക്ക് അഡയർ (16) എന്നിവർ പിടിച്ചു നിൽക്കാതെ മടങ്ങിയതോടെ ഐറിഷ് ഇന്നിംഗ് പ്രതിരോധത്തിലായി. എന്നാൽ കർട്ടിസ് കാംപെർ, ബാരി മക്കാത്തി എന്നിവർ ചേർന്ന് അയർലാൻഡിനെ ഭേദപ്പെട്ട സ്‌കോറിൽ എത്തിക്കുകയായിരുന്നു. മക്കാത്തി 50 ഉം, കാംപെർ 39 റൺസും നേടി.
ഇന്ത്യൻ നിരയിൽ മടങ്ങിയെത്തിയ നായകൻ ബൂംറ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ വീഴ്‌ത്തി ഐറിഷ് നിരയെ പ്രതിരോധത്തിലാക്കാൻ നായകന് സാധിച്ചു. പ്രസിദ് കൃഷ്ണ, രവി ബിഷ്‌ണോയ് എന്നിവരും രണ്ട് വിക്കറ്റുകൾ വീതം വീഴ്‌ത്തി. അർഷ്ദീപ് സിംഗിന് ഒരു വിക്കറ്റും ലഭിച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി യശസ്വി ജെയ്‌സ്വാൾ 24റൺസ് നേടി. തിലക് വർമ്മ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. ആറാം ഓവറിലെ അഞ്ചാം പന്തിൽ മത്സരം മഴ തടസ്സപ്പെടുത്തുമ്പോൾ 19 റൺസുമായി റിതുരാജ് ഗെയ്ഗ്വാദും ഒരു റൺസുമായി സഞ്ചു സാംസണുമായിരുന്നു ക്രീസിൽ. അയർലാൻഡിനായി ക്രെയ്ഗ് യംഗ് രണ്ടുവിക്കറ്റുകൾ വീഴ്‌ത്തി.
ഇതോടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലായി.
Comments