ബാങ്കുകളിലെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഇത്തരത്തിൽ ക്ലെയിം ചെയ്യാത്ത തുക കണ്ടെത്തി പിൻവലിക്കാൻ അവസരമൊരുക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിനായി യുഡിജിഎഎം എന്ന പോർട്ടലാണ് ആർബിഐ അവതരിപ്പിച്ചത്. നിലവിൽ ഏഴ് ബാങ്കുകളിൽ നിന്നുള്ള വിശദാംശങ്ങളാണ് ലഭിക്കുന്നത്. പിന്നീട് കൂടുതൽ ബാങ്കുകളെ ഉൾപ്പെടുത്താനാണ് തീരുമാനം.
പൂർവികരുടെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ ക്ലെയിം ചെയ്യുന്നതിനും നിയമപരമായ അവകാശികൾക്ക് അതത് ബാങ്കുകളെ ഇനി സമീപിക്കാനാകും. നിക്ഷേപം പിൻവലിക്കുന്നില്ലെങ്കിൽ അക്കൗണ്ടുകൾ അതേ ബാങ്കിൽ തന്നെ പ്രവർത്തനക്ഷമമാക്കാം. പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാകും വിധം ആർബിഐ വികസിപ്പിച്ചെടുത്തതാണ് യുഡിജിഎഎം പോർട്ടൽ. ആദ്യഘട്ടത്തിൽ എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ധനലക്ഷ്മി ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഡിബിഎസ് ബാങ്ക് ഇന്ത്യ, സിറ്റി ബാങ്ക്, എന്നിവ സേവനങ്ങൾ നൽകുന്നു. മറ്റു ബാങ്കുകളിലെ നിക്ഷേപങ്ങൾ കണ്ടെത്തുന്നതിനുള്ള സൗകര്യം ഒക്ടോബർ 15-നകം ഘട്ടം ഘട്ടമായി ലഭ്യമാക്കും.
udgam.rbi.org.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ചാൽ നിക്ഷേപങ്ങൾ കണ്ടെത്താനാകും. തുടർന്ന് മൊബൈൽ നമ്പർ ഉപയോഗിച്ച് പോർട്ടലിൽ രജിസ്റ്റർ ചെയ്യുക. പാസ്‌വേർഡും ക്യാപ്ചയും നൽകി നിബന്ധനകളും വ്യവസ്ഥകളും അംഗീകരിച്ച് ലോഗിൻ ചെയ്യാവുന്നതാണ്.
Comments