ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ് മലയാളികൾക്ക് ഓണം. ചിങ്ങമാസത്തിലെ അത്തം നക്ഷത്രത്തിൽ തുടങ്ങുന്ന ഓണാഘോഷം പത്താം നാൾ തിരുവോണവും പിന്നിട്ട് ചതയം വരെ നീണ്ടു നിൽക്കാറുണ്ട്. ഓണത്തിന് മലയാളികൾ ഒഴിവാക്കാത്ത ഒന്നാണ് പൂക്കളം. പൂക്കളം ഒരുക്കുന്നതിനും ചില ചിട്ടവട്ടങ്ങളുണ്ട്. അത്തം മുതൽ തിരുവോണം വരെയുള്ള പത്ത് ദിനങ്ങളിലാണ് പൂക്കളം ഒരുക്കുന്നത്.
ആദ്യ ദിനമായ അത്തം നാളിൽ വൃത്താകൃതിയിൽ ഒരു നിരയിലാണ് പൂവിടേണ്ടത്. രണ്ടാം ദിവസം രണ്ടിനം പൂക്കൾ ഉപയോഗിക്കാം. മൂന്നാം ദിവസം മൂന്നിനം നാലാം ദിവസം നാലിനം എന്നിങ്ങനെ ഓരോ ദിവസവും കളത്തിൽ നിരകളുടെ എണ്ണം കൂട്ടിയാണ് പൂക്കളം ഒരുക്കേണ്ടതെന്ന് പഴമക്കാർ പറയുന്നു.
ചോതി നാൾ മുതൽ മാത്രമാണ് ചെമ്പരത്തിപ്പൂവ് അത്തപ്പൂക്കളത്തിൽ ഉപയോഗിക്കുക. എന്നാൽ ചില സ്ഥലങ്ങളിൽ ഒരു നിറത്തിലുള്ള പൂവിൽ തുടങ്ങി പത്താം നാൾ പത്ത് നിറത്തിലുള്ള പൂക്കൾ ഉപയോഗിച്ച് അത്തപ്പൂക്കളം ഇടാറുണ്ട്. ഉത്രാട ദിനത്തിലാണ് ഏറ്റവും വലിപ്പത്തിൽ അത്തപ്പൂക്കളം ഒരുക്കുന്നത്. പൊതുവെ വൃത്താകൃതിയിലാണ് അത്തപ്പൂക്കളം ഒരുക്കാറുള്ളത്. എന്നാൽ മൂലം നക്ഷത്രത്തിൽ ചതുരാകൃതിയിൽ പൂക്കളം ഒരുക്കുന്ന രീതിയും ചില സ്ഥലങ്ങളിൽ പിന്തുടരുന്നുണ്ട്.
തിരുവോണ നാളിൽ പൂക്കളം ഒരുക്കുന്നതിന് ഇതിലും വ്യത്യാസമുണ്ട്. ഈ ദിവസം രാവിലെ പൂക്കളത്തിൽ പലകയിട്ട് അരിമാവ് പൂശും. ശേഷം ഇതിന്റെ മുകളിൽ നാക്കിലയിട്ട് വീണ്ടും അരിമാവ് പൂശുന്നു. ഇതിന് ശേഷം മണ്ണുകൊണ്ടോ തടി ഉപയോഗിച്ചോ തൃക്കാക്കരയപ്പന്റെ വിഗ്രഹങ്ങൾ നിർമ്മിച്ച് ഇലയിൽ പ്രതിഷ്ഠിക്കും. വിഗ്രഹങ്ങൾ പൂക്കൾ ഉപയോഗിച്ച് അലങ്കരിക്കുകയും പാലട, പഴം, ശർക്കര എന്നിവ നിവേദിക്കുകയും ചെയ്യുന്നു. ഉതൃട്ടാതി ദിനത്തിലാണ് പ്രതിഷ്ഠ ഇളക്കി മാറ്റുന്നത്.
















Comments