കൊച്ചി: പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഒരുമയുടെ സന്തോഷം ഉൾക്കൊണ്ട് ഒറ്റമനസ്സായി ഓണം ആഘോഷിക്കണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പി രാജീവ് അത്തം പതാക ഉയർത്തി. ചടങ്ങിൽ നടൻ മമ്മൂട്ടി വിശിഷ്ട അതിഥിയായിരുന്നു. ഘോഷയാത്ര ഫ്‌ളാഗോഫ് ചെയ്തതും മമ്മൂട്ടിയായിരുന്നു. ഇതോടെ സംസ്ഥാനത്ത് ഓണാഘോഷങ്ങളുടെ തുടക്കമായി.
നടനാകുന്നതിന് മുമ്പ് അത്തച്ചമയം കാണാൻ ഇവിടെ എത്തിയിട്ടുണ്ട്. എന്നാൽ അതിഥിയായി വേദിയിൽ എത്തുന്നത് ആദ്യമായാണെന്നും മമ്മൂട്ടി പറഞ്ഞു. രാജാക്കന്മാർ സർവ്വാഭരണ വിഭൂഷിതരായി പ്രജകളെ കാണാൻ എത്തുകയായിരുന്നു പണ്ടുകാലത്ത്. എന്നാൽ ജനാധിപത്യകാലത്ത് ജനങ്ങളാണ് രാജാക്കന്മാർ. ഏത് സങ്കൽപ്പത്തിന്റേതോ വിശ്വാസത്തിന്റേതോ ആയാലും അത്തം മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു ആഘോഷമാണ്. ജനങ്ങളുടെ സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും ആഘോഷമായാണ് ഇപ്പോൾ അത്തച്ചമയം ആഘോഷിക്കുന്നതെന്നും താരം പറഞ്ഞു.
അത്തം ആഘോഷത്തെ വലിയൊരു സാംസ്‌കാരിക പരിപാടിയായി മാറ്റണമെന്നും മമ്മൂട്ടി പറഞ്ഞു. അങ്ങനെയാണെങ്കിൽ അത്തം ഘോഷയാത്രയെ ഇതിലും വലിയൊരു പരിപാടിയാക്കി മാറ്റാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക രംഗത്ത് നിരവധി സംഭാവനകൾ നൽകിയവരെ കൂടി ഉൾപ്പെടുത്തി സാംസ്‌കാരിക സമ്മേളനങ്ങളും പരിപാടികളും കൂടി ഉൾപ്പെടുത്തിയാൽ ഈ ആഘോഷത്തെ കുറച്ചുകൂടി മികവുറ്റതാക്കാനാകും. ഇതിലൂടെ ഓണം പോലെ തന്നെ അത്തത്തെയും വലിയൊരു ടാഗ് ലൈനായും ട്രേഡ് മാർക്കായും മാറ്റാനാകുമെന്നും അദ്ദേഹം പറഞ്ഞു. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ അത്തം ആഘോഷം മാറ്റണമെന്നും മമ്മൂട്ടി ആഭിപ്രായപ്പെട്ടു.
Comments