മാദ്ധ്യപ്രവര്‍ത്തകനെ വീട്ടില്‍കയറി വെടിവച്ച് കൊലപ്പെടുത്തിയതിന്റെ നടുക്കം വിട്ടുമാറും മുന്‍പെ വിരമിച്ച അദ്ധ്യാപകനെ കൊലപ്പെടുത്തി അജ്ഞാതര്‍. ബീഹാറിലാണ് രാജ്യത്തെ ഞെട്ടിക്കുന്ന കൊലപാതക പരമ്പരകള്‍ അരങ്ങേറുന്നത്. ജവഹര്‍ ചൗധരിയെന്ന 70-കാരനാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ബെഗുസാരായില്‍ രാവിലെ നടക്കാന്‍ പോയ വയോധികനാണ് ദാരുണമായി വെടിയേറ്റ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നാണ് സൂചന. എന്നാല്‍ രണ്ടുവര്‍ഷം മുന്‍പ് അദ്ധ്യാപകന്റെ മകനും വെടിയേറ്റ് മരിച്ചിരുന്നു. ഇതിന്റെ ഏക ദൃക്‌സാക്ഷായിയിരുന്നു ജവഹര്‍. ബൈക്കിലെത്തിയ രണ്ടുപേരാണ് വെടിയുതിര്‍ത്തത്. 70-കാരന്‍ തത്ക്ഷണം മരിച്ചു. റിയല്‍ എസ്റ്റേറ്റ് പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
തുടരെയുണ്ടാകുന്ന ഭീകര കൊലപാതകങ്ങളില്‍ ബീഹാര്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാനം നഷ്ടമായെന്നും പോലീസ് നിഷ്‌ക്രിയരാണെന്നും ആക്ഷേപമുയര്‍ന്നു. വിമല്‍കുമാര്‍ യാദവ് എന്ന മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനാണ് ദിവസങ്ങള്‍ക്ക് മുന്‍പ് വെടിയേറ്റ് മരിച്ചത്. ഇതില്‍ നാലുപേര്‍ പോലീസ് കസ്റ്റഡിയില്‍ ആയിരുന്നു. ഇനിയും കൂടുതല്‍ പേര്‍ ഈ കേസില്‍ പിടിയിലാകാനുണ്ട്.
















Comments