നടൻ ഇന്ദ്രൻസിനെ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തരത്തിൽ മറ്റൊരു ഡയമൻഷനിൽ കാണാൻ ഇന്നത്തെ തലമുറയ്‌ക്ക് കഴിയുന്നുണ്ട് എന്നതിൽ സന്തോഷമുണ്ടെന്ന് നടി ഉർവശി. ഇന്നത്തെ തലമുറയോട് ബഹുമാനമുണ്ട്. ഇത്രയും കഴിവുള്ള നടനായിരുന്നോ പണ്ട് കോമഡി വേഷങ്ങൾ മാത്രം നൽകിയത് എന്നും ഉർവശി ചോദിച്ചു. ഉർവശിയും ഇന്ദ്രൻസും പ്രധാന വേഷങ്ങളിലെത്തുന്ന ജലധാര പമ്പ് സെറ്റ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലായിരുന്നു നടി മനസ്സ് തുറന്നത്.
‘ഇന്ദ്രൻസേട്ടൻ വളരെ സെൻസിബിളായിട്ടുള്ള ആളാണ്. സിനിമയിൽ കോസ്റ്റ്യൂമറായി വർക്ക് ചെയ്യുമ്പോഴും അന്നത്തെ ഏറ്റവും നല്ല സംവിധായകരുടെ ഒപ്പമായിരുന്നു വർക്ക്. എനിക്ക് മലയാളത്തിൽ വർക്ക് ചെയ്തതിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കോസ്റ്റ്യൂമറാണ്. എന്റെ മിക്ക മലയാളം സിനിമകളിലും അദ്ദേഹം കോസ്റ്റ്യൂം ചെയ്തിട്ടുണ്ട്. ഭദ്രൻ സാറിനെ പോലെയും ഭരതൻ അങ്കിളിനെ പോലെയുമുള്ളവർ അദ്ദേഹത്തെ ഇരുത്തി കളർ കോമ്പിനേഷനെ പറ്റി സംസാരിക്കണമെങ്കിൽ ആ കൂട്ടത്തിൽ അത്രയും സെൻസുള്ള ആളായതുകൊണ്ടല്ലേ.
അന്നത്തെ അദ്ദേഹത്തിന്റെ രൂപം അനുസരിച്ച് കിട്ടിയ കോമഡി റോൾസൊക്കെ പറയുന്നത് പോലെ അങ്ങ് ചെയ്യും. കൂടെ അഭിനയിക്കുന്ന ആക്ടേഴ്‌സ് കളിയാക്കുന്നതൊക്കെ വിനയത്തോടു കൂടിയാണ് സ്വീകരിച്ചിരുന്നത്. ഇന്നും ആ ഭാവത്തിന് ഒരു മാറ്റവുമില്ല. അതൊരു വലിയ കാര്യമാണ്. അദ്ദേഹത്തിന് ദൈവം അറിഞ്ഞുകൊടുത്തതാണ്. ആദ്യം ഇന്ദ്രൻസ് ചേട്ടനെ കോസ്റ്റ്യൂമർ ആയി മാത്രമാണ് കണ്ടിട്ടുള്ളത്. പിന്നെ അതല്ലാതെ എന്റെ കൂടെ ചില സിനിമകൾ കോമഡി ചെയ്തിട്ടുണ്ട് അദ്ദേഹം.
ഇത്രയും കാലിബർ ഉള്ള ഒരു നടനെയായിരുന്നോ അന്ന് അങ്ങനെ മാത്രം ഉപയോഗിച്ചിരുന്നത് എന്ന് തോന്നിയിട്ടുണ്ട്. ഇന്നത്തെ ഈ തലമുറയോടും സിനിമയിലെ ഇപ്പോഴത്തെ സംവിധാനങ്ങളോടുമൊക്കെ ബഹുമാനം തോന്നുകയാണ്. ഒരു നടനെ വേറെയൊരു ഡയമൻഷനിൽ കാണാൻ പറ്റുന്നുണ്ടല്ലോ. സുരാജ് ആയാലും ഇന്ദ്രൻസ് ചേട്ടൻ ആയാലും അവരെയൊക്കെ അങ്ങനെ കാണാൻ സാധിക്കുന്നുണ്ടല്ലോ ഈ ജനറേഷന്. പണ്ട് ഒരു ഇമേജിൽപ്പെട്ടു പോയാൽ അങ്ങനെ തന്നെ കിടക്കണം.’- ഉർവശി പറഞ്ഞു.
Comments