മലപ്പുറം: താനൂർ കസ്റ്റഡി മരണ കേസിൽ സസ്‌പെൻഷനിലായ പോലീസുകാർ ഒളിവിലെന്ന് വിവരം. അഞ്ച് പോലീസുകാരും ഒളിവിൽ കഴിയുന്നതിൽ ആരുടെയും മൊഴിയെടുക്കാൻ സാധിച്ചില്ല. രാസപരിശോധന ഫലം ഇതുവരെ വന്നിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ജിഫ്രിയുടെ ശരീരത്തിൽ നിന്ന് 21 മുറിവുകൾ കണ്ടെത്തിയിരുന്നു. ജിഫ്രിയ്‌ക്ക് പോലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റിരുന്നതായും ഇടുപ്പിലും, കാൽപാദത്തിലും, കണങ്കാലിലും പരിക്കുകൾ ഉണ്ടായിരുന്നതായും പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിരുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എട്ട് പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. നാല് ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥർ താനൂർ എസ്‌ഐ ഉൾപ്പെടെയുള്ള നാല് പേർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തിരുന്നത്. ഇതിൽ മൂന്ന് പേരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരിക്കുന്നത്. താനൂർ പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെയാണ് ചോദ്യം ചെയ്തത്. എസ് ഐ കൃഷണരാജിന്റെയും ഡാൻസാഫ് സംഘത്തിലെ നാല് പെരുടെയും മൊഴിയാണ് ഇനി രേഖപ്പെടുത്താനുള്ളത്.
സിബിഐ അന്വേഷണം ആരംഭിക്കാതെ നീതി കിട്ടില്ലെന്നാണ് കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ കുടുംബം പറയുന്നത്. പോലീസ്, പോലീസ് സർജൻ, രാസപരിശോധനാ ഫലം ഫോറൻസിക് റിപ്പോർട്ട്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് എന്നിവയെ കുറിച്ച് വ്യാപക ആക്ഷേപങ്ങളാണ് ഉയരുന്നത്. രാസപരിശോധന ഫലം വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകാൻ സാധിക്കുകയുള്ളു.
















Comments