ദുൽഖർ നായകനാകുന്ന കിംഗ് ഓഫ് കൊത്ത തിയേറ്ററുകളിൽ എത്താൻ ദിവസങ്ങൾ മാത്രമാണ് ബാക്കി. വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. അണിയറ പ്രവർത്തകർ പ്രതീക്ഷിച്ചതിലും അപ്പുറമാണ് ചിത്രത്തിന് ലഭിച്ച ഹൈപ്പ്. ഇപ്പോഴിതാ, പ്രേക്ഷകർ ആഗ്രഹിച്ച തരത്തിലായിരിക്കുമോ സിനിമ എന്ന കാര്യത്തിൽ തനിക്ക് പേടിയുണ്ടെന്ന് പറയുകയാണ് ദുൽഖർ സൽമാൻ. ഇതര ഭാഷകളിൽ നിന്നു പോലും വൻ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ആളുകള്‍ ഇതൊരു മാസ് മസാല പടം മാത്രമായിട്ട് കാണുമോ എന്നതാണ് തന്റെ ആശങ്കയെന്ന് താരം പറഞ്ഞു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദുൽഖർ.
‘സിനിമ എങ്ങനെ ആയിരിക്കണമെന്ന് ഓഡിയൻസാണ് തീരുമാനിക്കേണ്ടത്. നമ്മൾ സിനിമയുടെ പിന്നിൽ പ്രവർത്തിക്കുന്ന ആളുകളാണ്. പ്രേക്ഷകർ ആഗ്രഹിച്ച തരത്തിൽ സിനിമ എത്തിയിട്ടുണ്ടോ, എന്നൊക്കെയുള്ള പേടിയാണ്. ഏത് സിനിമയുടെ റിലീസായാലും ഉണ്ടാകുന്നത്. ഓരോ സിനിമയ്‌ക്കും അതിന്റേതായ ലൈഫും എനർജിയുമൊക്കെയുണ്ട്. കിംഗ് ഓഫ് കൊത്തയുടെ ആദ്യത്തെ പോസ്റ്റർ പുറത്ത് വിട്ടപ്പോൾ തന്നെ പ്രേക്ഷകരിൽ നിന്നും ലഭിച്ച ഒരു സ്വീകാര്യതയുണ്ട്. അത് മലയാളത്തിൽ നിന്നു മാത്രമല്ല, മറ്റ് ഇതര ഭാഷകളിൽ നിന്നും ലഭിച്ചിട്ടുണ്ട്.
ഹൈപ്പ് വളരുന്നതിനനുസരിച്ച് ഞങ്ങളുടെ പ്രയത്നവും വര്‍ധിപ്പിച്ചു. വലുപ്പം ആ സിനിമ തന്നെ തീരുമാനിച്ചതാണ്. ഞങ്ങള്‍ ശരിക്കും ഭയപ്പെട്ടിട്ടുണ്ട് ഇതിന്‍റെ ഹൈപ്പ് കണ്ടിട്ട്. ഒരു ഹൈപ്പ് നമുക്ക് ഒരിക്കലും പ്ലാന്‍ ചെയ്യാന്‍ പറ്റില്ല. ആദ്യത്തെ പോസ്റ്റര്‍ കയറിയപ്പോള്‍ത്തന്നെ ഞങ്ങള്‍ക്ക് ആര്‍ക്കും മനസിലായില്ല ശരിക്കും എന്താണ് സംഭവിച്ചതെന്ന്. അപ്പോള്‍ മുതൽ ഒരു വലിയ ഉത്തരവാദിത്തം എല്ലാവര്‍ക്കും തോന്നി. ഒരു പേടി തോന്നി. എവിടെ പ്രൊമോട്ട് ചെയ്യാന്‍ പോയപ്പോഴും അവിടുത്തെ മീഡിയയ്‌ക്കും പ്രേക്ഷകര്‍ക്കുമൊക്കെ ചിത്രത്തെക്കുറിച്ച് ഒരു ധാരണയുണ്ട്. ഒരു മലയാള സിനിമയ്‌ക്ക് അത് കിട്ടുമ്പോള്‍ എനിക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്.
ബോംബെയിലെ ആവേശം കണ്ടപ്പോള്‍ എനിക്കുതന്നെ വിശ്വസിക്കാന്‍ പറ്റിയില്ല. എന്‍റെ ഒരു പേടി ആളുകള്‍ ഇതൊരു മാസ് മസാല പടം മാത്രമായിട്ട് കാണുമോ എന്നതാണ്. ഒരു മലയാള സിനിമ ചെയ്യുമ്പോള്‍ അതില്‍ എന്തായാലും ആഴമുള്ള ഒരു കഥയുണ്ടാവണം. ഉള്ളടക്കം നല്ലതായിരിക്കണം. എല്ലാം മിക്സ് ചെയ്തിട്ടാണ് ഞങ്ങളിത് ചെയ്തിരിക്കുന്നത്. മാസ് ചിത്രമാണെന്ന് പൂർണമായും പറയാൻ കഴിയില്ല. മലയാള പ്രേക്ഷകർക്ക് ആവശ്യമുള്ളതും കൂടെ ഉൾപ്പെടുത്തിയാണ് ഈ സിനിമ ചെയ്തിരിക്കുന്നത്.’- ദുൽഖർ പറഞ്ഞു.
Comments