നാരായൺപൂർ: കമ്യൂണിസ്റ്റ് ഭീകരരും സംയുക്തസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടു. ചത്തീസ്ഗഡിലെ ഓർഗയിലാണ് കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ നടന്നത്. ഇയാളുടെ പക്കൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. സ്ഥലത്ത് നിന്ന് കൂടുതൽ കമ്യൂണിസ്റ്റ് ഭീകരരുടെ മൃതദേഹം കണ്ടെടുക്കാനുണ്ടെന്ന് എസ്പി പുഷ്‌കർ ശർമ്മ അറിയിച്ചു.
നേരത്തെ, ഛത്തീസ്ഗഡിലെ സുക്മയിൽ സുരക്ഷാ സേനയ്‌ക്ക് മുന്നിൽ രണ്ട് കമ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങിയിരുന്നു. ദമ്പതികളായ മുചകി ഗാലെയും മുചകി ഭീമയുമാണ് കീഴടങ്ങിയത്. നിരോധിത ഇടതുപക്ഷ സംഘടനയിൽ നിന്ന് വിവേചനം നേരിട്ടതിനെ തുടർന്നാണ് ഇരുവരും സംഘടനയുമായുള്ള ബന്ധം ഉപേക്ഷിച്ച് പോലീസിന് മുന്നിൽ കീഴടങ്ങിയത്. കീഴടങ്ങിയതിൽ മുചകി ഭീമ, തലയ്‌ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കപ്പെട്ടിരുന്ന ഭീകരനാണെന്ന് സബ് ഡിവിഷണൽ പോലീസ് ഓഫീസർ തോംഗ്പാൽ തോമേഷ് വർമ അറിയിച്ചു.
‘പുനഃ നർകോം’ എന്ന പേരിൽ നടന്നുകൊണ്ടിരിക്കുന്ന പ്രചരണത്തിന്റെ ഭാഗമായാണ് ദമ്പതികൾ സുരക്ഷാ സേനയ്‌ക്ക് മുന്നിൽ കീഴടങ്ങിയത്. പുനരധിവാസ നയത്തിന്റെ ഭാഗമായാണ് ഛത്തീസ്ഗഢ് സർക്കാർ കമ്യൂണിസ്റ്റ് ഭീകരർക്കായി ഈ ക്യാമ്പെയിൻ ആരംഭിച്ചത്.
















Comments