ന്യൂഡൽഹി: ബ്രിക്സ് രാജ്യങ്ങൾക്ക് യൂറോ മാതൃകയിൽ കറൻസി കൊണ്ടുവരാൻ നീക്കം. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ ഇത് സംബന്ധിച്ച് ചർച്ചകൾ നടക്കും. ഡോളറിനും യൂറോയ്‌ക്കും വെല്ലുവിളി ഉയർത്തുന്നതിനായാണ് അന്താരാഷ്‌ട്ര വ്യാപാരത്തിലെ ഇടപാടുകൾക്കായി ഏകീകൃത കറൻസി രൂപപ്പെടുത്താൻ ഒരുങ്ങുന്നത്. ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ബ്രിക്സ് കറൻസിയെ അംഗീകരിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിലെ ഇന്ത്യയുടെ നിലപാട് നിർണായകമാണ്.
ബ്രിക്‌സ് കറൻസിയിലെ ഇന്ത്യയുടെ നിലപാട് മാസങ്ങൾക്ക് മുമ്പേ വിദേശകാര്യ മന്ത്രി മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കിയിരുന്നു. ഇന്ത്യയ്‌ക്ക് ബ്രിക്‌സ് കറൻസിയോട് താത്പര്യമില്ല. സാമ്പത്തിക മേഖലയിലെ പ്രതിസന്ധികളെ തരണം ചെയ്യാൻ ഇന്ത്യ പ്രാപ്തരാണ്. അതിനായി പുതിയ കറൻസിയുടെ ആവശ്യമില്ല. ദേശീയ കറൻസിയായ രൂപയുടെ മൂല്യം ശക്തിപ്പെടുത്തുന്നതിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ജിഡിപി വളർച്ചനിരക്ക് ഉയർന്നതാണ്. അതിനാൽ, ഇന്ത്യയ്‌ക്ക് ബ്രിക്സ് കറൻസി ഇല്ലാതെ നിലനിൽക്കാൻ കഴിയും. ഇന്ത്യയ്‌ക്ക് അമേരിക്കയുമായും യൂറോപ്പുമായും വ്യാപാര-സൈനിക മേഖലകളിൽ നല്ല ബന്ധമാണുളളത്. ഇതിനാൽ ബ്രിക്സ് കറൻസിയുമായി മുന്നോട്ട് പോയി ബന്ധം ദുർബലപ്പെടുത്താൻ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
4 ദിവസത്തെ ദക്ഷിണാഫ്രിക്ക -ഗ്രീക്ക് സന്ദർശനത്തിനായി പ്രധാനമന്ത്രി യാത്ര തിരിച്ചു. ഓഗസ്റ്റ് 22 മുതൽ 24 വരെ ജോഹന്നാസ്ബർഗിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് ദക്ഷിണാഫ്രിക്കയിലെത്തുന്നത്. ബ്രിക്‌സ് ഉച്ചകോടിയ്‌ക്ക് ശേഷം സംഘടിപ്പിക്കുന്ന ‘ബ്രിക്‌സ് ആഫ്രിക്ക ഔട്ട് റീച്ച്. ബ്രിക്‌സ് പ്ലസ് ഡയലോഗ്’ എന്ന പ്രത്യേക പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. വൈവിദ്ധ്യമാർന്ന മേഖലകളിൽ രാജ്യങ്ങൾ തമ്മിലുളള സഹകരണം വർദ്ധിപ്പിക്കാൻ ബ്രിക്‌സിലൂടെ സാധിച്ചിട്ടുണ്ട്. ഇത്തവണത്തെ ബ്രിക്‌സ് ഉച്ചകോടിയിൽ ദക്ഷിണേന്ത്യയ്‌ക്ക് പ്രധാന്യമുളള വിഷയങ്ങൾ ചർച്ചചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments