ന്യൂഡൽഹി: ചന്ദ്രയാന്റെ ലാൻഡറിന്റെ സ്ഥാനം ലാൻഡിംഗിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയാൽ ചന്ദ്രനിൽ ഇറങ്ങുന്നത് ഓഗസ്റ്റ് 27- ലേക്ക് മാറ്റിയേക്കുമെന്ന് ഇസ്രോ സ്‌പേസ് ആപ്ലിക്കേഷൻസ് സെന്റർ ഡയറക്ടർ നിലേഷ് ദേശായി. ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ലാൻഡറിന്റെയും ചന്ദ്രന്റെയും സ്ഥാനം പരിശോധിക്കുമെന്നും അതിന് ശേഷം മറ്റ് തീരുമാനങ്ങൾ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രയാൻ -3 ന്റെ ലാൻഡിംഗിന് എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായിട്ടുണ്ട്. ഓഗസ്റ്റ് 23-ന് പേടകം 30 കിലോമീറ്റർ ഉയരത്തിൽ നിന്ന് സെക്കൻഡിൽ 1.68 കിലോമീറ്റർ വേഗതയിൽ ലാൻഡ് ചെയ്യിക്കാനാണ് ശ്രമിക്കുന്നത്. ഈ വേഗത ക്രമേണ കുറച്ചകൊണ്ടായിരിക്കും ലാൻഡിംഗ് നടത്തുക. വേഗത കുറയ്‌ക്കാൻ എഞ്ചിനുകൾക്ക് റിവേഴ്‌സ് ത്രസ്റ്റ് നൽകും. വേഗത നിയന്ത്രിച്ചില്ലെങ്കിൽ പേടകം ഇടിച്ചിറങ്ങുന്നതിന് സാധ്യതയുണ്ട്’ അദ്ദേഹം പറഞ്ഞു.
ലാൻഡറിന്റെ സ്ഥാനം ലാൻഡിംഗിന് അനുയോജ്യമല്ലെന്ന് തോന്നിയാൽ ദൗത്യം ഓഗസ്റ്റ് 27 ലേക്ക് നീട്ടും. സെൻസറുകളിൽ നിന്നും ക്യാമറകളിൽ നിന്നുമുള്ള സൂചനകളുടെ അടിസ്ഥാനത്തിൽ ലാൻഡ് ചെയ്യാൻ അനുയോജ്യമാണോ അല്ലയോ എന്ന് തീരുമാനിക്കും. അനുയോജ്യമല്ലെന്ന് ലാൻഡർ കണ്ടെത്തുകയാണെങ്കിൽ സുരക്ഷിതമായ ലാൻഡിംഗിനായി 60 മീറ്റർ മാറിയുള്ള പ്രതലം തിരഞ്ഞെടുത്തേക്കാമെന്നും നിലേഷ് ദേശായി പറഞ്ഞു.
ചന്ദ്രയാൻ മൂന്നിന്റെ ലാൻഡിംഗ് നാളെ വൈകിട്ട് 6.04ന് നടക്കുമെന്നാണ് ഐഎസ്ആർഒ അറിയിച്ചിരുന്നത്. വൈകിട്ട് 5.30 മുതൽ എട്ട് മണി വരെയെന്ന സമയമാണ് ആദ്യ ഘട്ടത്തിൽ ഐഎസ്ആർഒ അറിയിച്ചിരുന്നതെങ്കിലും പിന്നീട് 6.04 എന്ന കൃത്യമായ സമയം അറിയിക്കുകയായിരുന്നു. ലാൻഡർ മൊഡ്യൂളിലുള്ള ക്യാമറ പകർത്തിയ ചന്ദ്രന്റെ കൂടുതൽ ദൃശ്യങ്ങൾ ഐഎസ്ആർഒ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
Comments