രാജ്യം മുഴുവൻ കാത്തിരിക്കുന്ന അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ സോഫ്റ്റ് ലാൻഡിംഗ് നാളെ. ബൂധനാഴ്ച വൈകിട്ട് 6.04-ന് സോഫ്റ്റ് ലാൻഡിംഗ് സാദ്ധ്യമാകും. വൈകിട്ട് 5.30 മുതൽ എട്ട് മണിവരെയാണ് സോഫ്റ്റ് ലാൻഡിംഗെന്ന് ആദ്യ ഘട്ടത്തിൽ ഐഎസ്ആർഒ അറിയിച്ചിരുന്നു. ഇത് പിന്നീട് 6.04 എന്ന കൃത്യ സമയം ഐഎസ്ആർഒ വ്യക്തമാക്കുകയായിരുന്നു. ഏറ്റവും ഒടുവിലത്തെ ഡീബൂസ്റ്റിംഗ് പ്രക്രിയയും വിജയകരമായതോടെ 25 കിലോമീറ്റർ അകലത്തിൽ മാത്രമാണ് ലാൻഡർ നിൽക്കുന്നത്.
ചന്ദ്രയാൻ-2ന്റെ പിഴവുകളെല്ലാം പരിഹരിച്ചാണ് ഇത്തവണ ഐഎസ്ആർഒ ലക്ഷ്യത്തിലേക്കുള്ള ദൗത്യം ആരംഭിച്ചിരിക്കുന്നത്. സോഫ്റ്റ് ലാൻഡിംഗിന് ശേഷമാകും ചന്ദ്രയാൻ പേടകം വഹിച്ചിട്ടുള്ള റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുക. ഇത് കഴിഞ്ഞ് 14 ദിവസങ്ങൾക്ക് ശേഷമാകും പഠനം ആരംഭിക്കുക. ലാൻഡിംഗിനായി നിശ്ചയിച്ചിരിക്കുന്നത് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ 9.6 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള പ്രദേശമാണ്. ചന്ദ്രയാൻ-2ൽ നിശ്ചയിച്ചിരുന്നത് 500 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ലാൻഡിംഗ് ഏരിയ മാത്രമാണ്.
ജൂലൈ 14-ന് വിക്ഷേപിച്ച പേടകം 22-ാം ദിവസമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുന്നത്. ഇതിന് ശേഷം അഞ്ച് ഘട്ടങ്ങളായാണ് ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിനായി ഭ്രമണപഥം താഴ്‌ത്തുന്നത്. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ് വർക്ക് ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്.
Comments