തലമുറകളുടെ ജീവിത സാക്ഷ്യങ്ങൾ ആണവ ദുരന്തങ്ങൾക്കുണ്ട്. വിൻഡ് സ്കയിൽ , ചെർണോബിൽ, ത്രീ മൈൽസ് ദ്വീപ് എന്നിങ്ങനെ ലോകം കേട്ട ആണവ ദുരന്തങ്ങളിൽ അവസാനത്തേതാണ് ഫുക്കുഷിമ. ജപ്പാനിൽ 2011ൽ ഉണ്ടായ ഭൂകമ്പത്തിൽ ഡയാച്ചി ആണവ നിലയം തകർന്നു തരിപ്പണമായിരുന്നു. ദുരന്തം ആരംഭിച്ചത് അവിടെ നിന്നാണ്. ടൺ കണക്കിന് ആണവ വസ്തുക്കളാണ് താപ നിയന്ത്രണത്തിനായി സൂക്ഷച്ച വെള്ളത്തിൽ കലർന്ന് ലോകത്തിനു തന്നെ ഭീഷണി ആയത്. ഈ വെള്ളം സുരക്ഷിതമായി കടലിലേക്ക് ഒഴുക്കാനുള്ള ഒരുക്കത്തിലാണ് ആണവ നിലയത്തിന്റെ നിയന്ത്രണ ചുമതലയുള്ള ടോക്കിയോ ഇലക്ട്രിക് പവർ കമ്പനി.
ഈ മാസം 24ന് വെള്ളം കടലിലേക്ക് ഒഴുക്കും. ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ ഇക്കാര്യം വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. നിരവധി ആണവ വികിരണം ഉണ്ടാക്കുന്ന വസ്തുക്കൾ വെള്ളത്തിൽ കലർന്നു എന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ട്രിറ്റിയം ഒഴികെയുള്ള ആണവ വസ്തുക്കൾ അരിച്ചെടുത്തു എന്നാണ് ഊർജ ഉത്പാദക കമ്പനി വ്യക്തമാക്കുന്നത്. ട്രിറ്റിയം അപകടകാരി അല്ല എന്ന വിലയിരുത്തലിലാണ് കമ്പനി. മനുഷ്യന്റെ ചർമ്മത്തെ മറികടന്നു ശരീരത്തിൽ പ്രവേശിക്കാൻ ശേഷിയില്ലാത്ത ഐസോടോപ് ആണ് ട്രിറ്റിയം എന്ന ബോധ്യത്തിലാണ് ശാസ്ത്രജ്ഞർ. മാത്രമല്ല ട്രിറ്റിയം ഐസോടോപ് അരിച്ചെടുക്കുക എളുപ്പത്തിൽ സാധ്യമാവുകയുമില്ല.
ഹൈഡ്രജൻ ഐസോടോപ് ആണ് ട്രിറ്റിയം. അപകടകരമല്ലാത്ത നിലയിലേക്ക് വെള്ളത്തിലെ ട്രിറ്റിയത്തിന്റെ അളവ് താഴ്‌ത്തിയതിനു ശേഷമായിരിക്കും കടലിൽ തുറന്നു വിടുക. 1.3 ദശലക്ഷം ടൺ വെള്ളമാണ് ഇത്തരത്തിൽ തുറന്നു വിടുന്നത്. ദശാബ്ദങ്ങൾ ചെലവഴിച്ച് നടത്തേണ്ട ആണവ നിലയങ്ങളുടെ ഡി കമ്മീഷൻ നടപടികളുടെ വിവരങ്ങൾ ആണ് പുതു തലമുറക്ക് ദൗത്യത്തിലൂടെ അനുഭവവേദ്യമാകുന്നത്. അന്താരാഷ്‌ട്ര ആറ്റോമിക് എനർജി ഏജൻസി വെള്ളം തുറന്നു വിടാനുള്ള പദ്ധതിക്ക് ജൂലായിൽ അനുമതി നൽകിയിരുന്നു. ദൗത്യത്തിനെതിരെ നിരവധി വിമർശങ്ങളൂം ഉയർന്നു. കാർബൺ 14 അയോഡിൻ 129 , സ്ട്രോൻഡിയം 90 എന്നിവ അരിച്ചൊഴിവാക്കി എന്ന് അവകാശപ്പെടുന്നു എങ്കിലും, അവ ജീവി വർഗ്ഗങ്ങളിൽ ഉണ്ടാക്കുന്ന ആഘാതം പഠന വിധേയമാക്കിയിട്ടില്ല എന്ന ആരോപണവുമുണ്ട്. ആണവ വസ്തുക്കൾ വെള്ളത്തിൽ കലരുന്നത് ക്യാൻസറിനു കാരണമാകുമെന്ന് പഠനങ്ങൾ ഉൾപ്പടെ നേരത്തെ പുറത്ത് വന്നിരുന്നു.
Comments