ചോറ് വെക്കുമ്പോൾ പലപ്പോഴായി നേരിടുന്ന പ്രശ്‌നമാണ് പശപ്പോലെ ഒട്ടിപ്പിടിച്ചു പോകുന്നത്. പശയ്‌ക്ക് പോലും ഇത്രയ്‌ക്ക് ഒട്ടിപ്പുണ്ടാവാറുണ്ടോയെന്ന് നമുക്ക് ചില സമയങ്ങളിൽ തോന്നിയിട്ടുണ്ടാവും. തിരക്കിട്ട് ചോർവെയ്‌ക്കുമ്പോഴായിരിക്കും ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ നമ്മൾ നേരിടുക. ഇനി അത്തരം പ്രശ്‌നങ്ങൾ മാറ്റിയെടുക്കാം, അതിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കാം..
അരി നന്നായി കഴുകുക
അരി ഏതായാലും പാചകത്തിനു മുന്നേ നന്നായി കഴുകുക. ഇത് അരി ഒട്ടിപിടിക്കുന്നത് കുറയ്‌ക്കാൻ സഹായിക്കുന്നു. അതിനാൽ അരി കഴുകുമ്പോൾ കഞ്ഞിവെള്ളം പോലെയുള്ള വെള്ളം പോകുന്നതുവരെ അരി നന്നായി കഴുകുക.
അരിയും വെള്ളവും തമ്മിലുള്ള അനുപാതം
അരിയും വെള്ളവും തമ്മിലുള്ള അനുപാതം പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. സാധാരണയായി നാം വീടുകളിൽ നീണ്ട അരിയാണ് ഉപയോഗിക്കുന്നതെങ്കിൽ 1 കപ്പ് അരിയ്‌ക്ക് 2 കപ്പ് വെള്ളം ഉപയോഗിച്ച് തിളപ്പിക്കാവുന്നതാണ്. കുഴഞ്ഞു പോകുന്ന തരം അരിയാണ് ഉപയോഗിക്കുന്നതെങ്കിൽ ഒരു കപ്പ് അരിയ്‌ക്ക് അനുപാതമായി ഒരു കപ്പ് വെള്ളം തന്നെ ഉപയോഗിക്കാം.
തിളപ്പിക്കുന്ന വിധം
പ്രഷർകുക്കർ ഉപയോഗിക്കാതെയാണ് ചോറ് ഉണ്ടാക്കുന്നതെങ്കിൽ നല്ല കലങ്ങൾ ചോറ് വെക്കുന്നതിനായി തിരഞ്ഞെടുക്കുക. അടച്ചുറപ്പുള്ള ഒരു മൂടി കൊണ്ട് നന്നായി മൂടി, ഉയർന്ന ചൂടിൽ തിളപ്പിച്ചതിനു ശേഷം ഉടൻ തന്നെ ചൂട് കുറയ്‌ക്കുക. അങ്ങനെ സാവധാനത്തിൽ അരി വേവിച്ചെടുക്കാവുന്നതാണ്. ഇടയ്‌ക്കിടെ ഇളക്കികൊടുക്കേണ്ട കാര്യമില്ല. ഇടയ്‌ക്കിടെ ഇളക്കുമ്പോൾ അരിയിൽ നിന്നും ധാരാളം അന്നജം പുറത്തുവിടുകയും ഇത് ചോറ് കുഴഞ്ഞുപോകാനും കാരണമാകുന്നു.
Comments