തിരുവനന്തപുരം: കുടുംബശ്രീ ഹോട്ടലുകളിലെ ഉച്ചയൂണിന് 30 രൂപ ആക്കിയുള്ള ഉത്തരവ് പ്രാബല്യത്തിൽ. ഉച്ചയൂണിന് 30 രൂപയും പാഴ്‌സലിന് 35 രൂപയുമാകും ഇനി മുതൽ കുടുംബശ്രീ ഹോട്ടലുകളിലെ നിരക്ക്.
സാധാരണക്കാരായ നിരവധി ആളുകൾ ആശ്രയിക്കുന്ന ജനകീയ ഹോട്ടലുകളിലെ നിരക്കാണ് ഒറ്റയടിക്ക് 50 ശതമാനത്തിലധികം സർക്കാർ വർദ്ധിപ്പിച്ചത്. കഴിഞ്ഞ എട്ട് മാസത്തിലധികമായി സംസ്ഥാനത്തെ കുടുംബശ്രീ ഹോട്ടലുകൾക്ക് സബ്‌സിഡി ലഭിക്കുന്നില്ല. ഓരോ ഹോട്ടലിനും ആറ് മുതൽ ഏഴ് ലക്ഷം രൂപ വരെയാണ് കുടിശ്ശിക. നിലവിൽ രണ്ടര കോടിയിലധികം രൂപ സബ്‌സിഡി കുടിശികയായി ഓരോ ജില്ലയ്‌ക്കുമുണ്ട്. കടമെടുത്താണ് ഓരോ ഹോട്ടലുകളും മുന്നോട്ട് പോയിരുന്നത്. ഇതിന് പരിഹാരം കണ്ടെത്തണമെന്ന ആവശ്യവുമായി ഹോട്ടലുകാർ സർക്കരിനെ സമീപിച്ചിരുന്നു. ഇതിന്റെ ഫലമായാണ് നിരക്ക് വർദ്ധിപ്പിച്ചത്.
ഒന്നാം പിണറായി സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയതാണ് ജനകീയ ഹോട്ടൽ. കുടുംബശ്രീക്ക് കീഴിൽ 1000 ജനകീയ ഹോട്ടലുകളാണ് ആരംഭിച്ചത്.
Comments