ചന്ദ്രയാൻ-3 പേടകം ചന്ദ്രനിലിറങ്ങുന്ന നിമിഷത്തിനായി ആവേശഭരിതയാണെന്ന് ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശ യാത്രിക സുനിതാ വില്യംസ്. ആവേശവും ആകാക്ഷയും ഒന്നിച്ച് അനുഭവപ്പെടുന്നതായും സോഫ്റ്റ് ലാൻഡിംഗ് സമ്പൂർണ വിജയമായിരിക്കുമെന്ന് പ്രതീക്ഷയുള്ളതായും അവർ പറഞ്ഞു. ശാസ്ത്ര ലോകത്തിന് വലിയ കണ്ടെത്തലുകളിലേക്ക് എത്താനുള്ള മികച്ച മാർഗമായിരിക്കും പ്രഗ്യാൻ റോവറെന്നും അവർ കൂട്ടിച്ചേർത്തു.
ബഹിരാകാശ പര്യവേക്ഷണ മേഖലയെ രൂപപ്പെടുത്തുന്നതിൽ ഇന്ത്യയുടെ പങ്ക് വളരെ വലുതാണ്. ബഹിരാകാശ മേഖലയിൽ ശക്തികേന്ദ്രമാകാൻ ഇന്ത്യ തയ്യാറെടുക്കുകയാണെന്നും സുനിതാ വില്യംസ് പറഞ്ഞു. ഭൂമിക്ക് പുറത്തുള്ള ജീവന്റെ കണിക തേടിയുള്ള യാത്രയാണിത്. ചാന്ദ്രോപരിത്തലത്തിൽ സ്പർശിക്കുന്നതോടെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത നിരവധി കാര്യങ്ങൾ കണ്ടെത്താനാകും.
ആവേശം നിറഞ്ഞ ചാന്ദ്ര പര്യവേക്ഷണത്തിനും പിന്നാലെയുള്ള കണ്ടെത്തലുകളിലും ശുഭപ്രതീക്ഷയാണുള്ളതെന്നും അവർ പറഞ്ഞു. ചന്ദ്രന്റെ ഘടനയെയും മറഞ്ഞിരിക്കുന്ന ചരിത്രത്തെയും കണ്ടെത്താൻ ചാന്ദ്രയാൻ മൂന്നിന് കഴിയും. ചരിത്രത്തിലേക്കുള്ള ചുവടുവെപ്പാണ് മണിക്കൂറുകൾക്കകം സംഭവിക്കാൻ പോകുന്നത്. ദക്ഷിണധ്രുവത്തിൽ സുസ്ഥിരമായ മനുഷ്യ സാന്നിധ്യം സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലമാണോ എന്ന് കണ്ടെത്തുന്നതിനും സഹായിക്കുന്ന ശാസ്ത്രീയ അന്വേഷണങ്ങൾ നടത്താൻ മൂന്നാം ചാന്ദ്രദൗത്യത്തിനാകുമെന്നും സുമിതാ വില്യംസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
















Comments