ലഖ്‌നൗ: ഉത്തർപ്രദേശിലെ എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കാൻ യോഗി സർക്കാർ. ഗ്രാമങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനൊപ്പം 1 ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകുന്ന പദ്ധതിയാണ് ഉത്തർപ്രദേശ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി എല്ലാ ഗ്രാമങ്ങളിലും ഓറഞ്ച് സേനയെ(പ്ലംബർമാർ) വിന്യസിച്ചിട്ടുണ്ട്. ജീവൻ മിഷന്റെ കീഴിൽ ഓരോ ഗ്രാമപഞ്ചായത്തിലെയും 2 യുവാക്കൾക്ക് വീതം പ്ലംബർ പരിശീലനം നൽകാനാണ് പദ്ധതി.
സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം നമാമി ഗംഗയും ഗ്രാമീണ ജലവിതരണ വകുപ്പും ചേർന്നാണ് ഗ്രാമങ്ങളിലെ വീടുകളിൽ ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യുന്നത്. കുടിവെള്ള പ്രശ്നത്തിന് എന്തെങ്കിലും തടസ്സമുണ്ടായാൽ ഗ്രാമവാസികൾ പ്ലംബർമാരെ കാത്തിരിക്കേണ്ടി വരില്ല. ഓരോ ഗ്രാമ പഞ്ചായത്തിലും ഓറഞ്ച് ഫോഴ്‌സിന്റെ അടിയന്തര സഹായം ലഭ്യമാക്കുമെന്നും യോഗി ആദിത്യനാഥ് ഉറപ്പ് നൽകിയിട്ടുണ്ട്. ഗ്രാമങ്ങളിലെ ജലവിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ എല്ലാ ഉപകരണങ്ങളും ഇതിനോടകം യുപി സർക്കാർ ലഭ്യമാക്കി.
ജൽ ജീവൻ മിഷന്റെ കീഴിലുള്ള പദ്ധതി പ്രകാരം ഒരു ലക്ഷത്തിലധികം യുവാക്കളെ അവരുടെ ഗ്രാമങ്ങളിൽ പ്ലംബർമാരായി ജോലി ചെയ്യാൻ പരിശീലിപ്പിച്ച് നിയമിച്ചു കഴിഞ്ഞു. പ്ലംബർമാർക്ക് സ്ഥിരവരുമാനവും ഉണ്ടാകും. അസംഗഢിൽ 3,379 യുവാക്കൾ പ്ലംബർമാരായി പരിശീലനം നേടിയപ്പോൾ ജൗൻപൂരിൽ 3,296-ഉം സീതാപൂരിൽ 3,199 പ്ലംബർമാരെയും ഗ്രാമപഞ്ചായത്തുകളിൽ വിന്യസിച്ചിട്ടുണ്ട്.
Comments