രാജ്യത്തിന്റെ അഭിമാനം, ചാന്ദ്രയാൻ മൂന്ന് പേടകം ചന്ദ്രനിലിറങ്ങുന്ന സുവർണ നിമിഷം തത്സമയം കാണാൻ ജനങ്ങൾക്കും ഇസ്രോ അവസരമൊരുക്കുന്നുണ്ട്. ഇതിനായി ഇന്ത്യൻ സമയം വൈകുന്നേരം 5.47 മുതൽ ഐഎസ്ആർഒ വെബ്സൈറ്റിലൂടെയും യൂട്യൂബ് ചാനൽ , ഫേസ്ബുക്ക് പേജ് എന്നിവയിലൂടെയും ചന്ദ്രയാൻ 3-ന്റെ സോഫ്റ്റ് ലാൻഡിംഗ് തത്സമയം കാണാം.
ഡിഡി നാഷണൽ ചാനലിലൂടെയും സോഫ്റ്റ് ലാൻഡിംഗ് ലൈവായി കാണാൻ അവസരം ഒരുക്കിയിട്ടുണ്ട്. തത്സമയ സംപ്രേക്ഷണത്തിനായി സ്‌കൂളുകളും ശാസ്ത്ര സ്ഥാപനങ്ങളും ബിഗ് സ്‌ക്രീനുകളുമായി സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം 6.04-നാകും പേടകം ചാന്ദ്രോപരിത്തലത്തിലിറങ്ങുക. 5.47-ന് ആരംഭിക്കുന്ന ലാൻഡിംഗ് നടപടികൾ 19 മിനിറ്റ് നേരത്തെ പ്രക്രിയയ്‌ക്കൊടുവിലാകും ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങുക.
ബെംഗളൂരു പീനിയയിലെ ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്വർക്കിലെ മിഷൻ ഓപ്പറേഷൻ കോംപ്ലക്സിൽ നിന്നാണ് ലാൻഡറിന് നിർദേശങ്ങൾ നൽകുക. ചന്ദ്രോപരിതലത്തിൽ ഇറങ്ങിക്കഴിഞ്ഞാൽ ലാൻഡറിന്റെ ഒരുവശത്തെ പാനൽ തുറന്ന് പ്രഗ്യാൻ റോവറിന് പുറത്തേക്കിറങ്ങാനുള്ള റാമ്പ് വിടരും. ആറുചക്രമുള്ള പ്രഗ്യാൻ റോവർ ചന്ദ്രയാൻ ദൗത്യത്തിലെ നിർണായക വാഹനമാണ്. വിക്രം ലാൻഡർ ഇറങ്ങി നാലു മണിക്കൂറിനു ശേഷമായിരിക്കും പ്രഗ്യാൻ റോവർ ചന്ദ്രനെ തൊടുക. ചന്ദ്രനിൽ സഞ്ചരിച്ചുകൊണ്ട് വിവരങ്ങൾ നമുക്ക് കൈമാറുക പ്രഗ്യാൻ റോവറായിരിക്കും.
Comments