നാഗ്പൂർ: ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രനിൽ ഇറങ്ങിയതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് ആർഎസ്എസ് സർസംഘ ചാലക് ഡോ. മോഹൻ ഭാഗവത്. ഇസ്രോ ശാസ്ത്രജ്ഞരെയും കേന്ദ്ര സർക്കാരിനെയും അദ്ദേഹം അഭിനന്ദിച്ചു. ഭൗതികവും ആത്മീയവുമായ പുരോഗതിയുടെ പാതയിൽ ലോകത്തിനെ ഭാരതം നയിക്കുമെന്ന് മോഹൻ ഭാഗവത് പറഞ്ഞു. ചന്ദ്രയാൻ -3 യുടെ ലാൻഡർ മൊഡ്യൂളായ വിക്രം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നത് ടെലിവിഷനിൽ തത്സമയം കണ്ടതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഈ അമൃത് കാലിൽ, അമൃത വർഷത്തിന്റെ യഥാർത്ഥ നിമിഷത്തിന് ഞങ്ങൾ സാക്ഷ്യം വഹിച്ചു. നമ്മൾ നമ്മുടെ കടമയ്ക്കായി പ്രവർത്തിക്കണം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ബഹിരാകാശ പേടകം അയക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. ഇതുവരെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആരും ഇറങ്ങിയിരുന്നില്ല. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ നമ്മുടെ ശാസ്ത്രജ്ഞർ ഈ നേട്ടം കൈവരിച്ചു. ലോകത്തെ മുഴുവൻ നയിക്കുന്ന വസുധൈവ കുടുംബകം എന്ന ദർശനം ഉയർത്തിപ്പിടിച്ചു കൊണ്ട് ഇന്ത്യ മുന്നോട്ട് പോകുകയാണ്. ലോകത്തിന് സമാധാനവും സമൃദ്ധിയും നൽകുന്ന രാജ്യമായി മാറുകയാണ് ഭാരതം’.
‘ഞങ്ങളുടെ ശാസ്ത്രജ്ഞരോടും അവരെ പിന്തുണച്ചതിന് കേന്ദ്ര സർക്കാരിനോടും ഞങ്ങൾ നന്ദി പറയുന്നു. ഇന്ത്യ ഉയരും, ലോകം മുഴുവൻ ഉയിർത്തെഴുന്നേൽക്കും. ഭൗതികവും ആത്മീയവുമായ പുരോഗതിയുടെ പാതയിൽ ഇന്ത്യ ലോകത്തെ നയിക്കും. ഇത് യാഥാർത്ഥ്യമാകുന്നു. വിജ്ഞാന, ശാസ്ത്ര മേഖലകളിൽ രാജ്യം മുന്നിലെത്തും. അതിന് ആവശ്യമായ ശക്തിയും വൈദഗ്ധ്യവും കാഴ്ചപ്പാടും ഭാരതത്തിനുണ്ടെന്ന് ചന്ദ്രയാൻ-3 തെളിയിച്ചു കഴിഞ്ഞു’- മോഹൻ ഭാഗവത്
Comments