കാബുൾ: ഉന്നത വിദ്യാഭ്യാസത്തിനായി ദുബായിലേക്ക് പോകാൻ ശ്രമിച്ച പെൺകുട്ടികളെ വിമാനത്താവളത്തിൽ തടഞ്ഞ് വെച്ച് താലിബാൻ. പ്രമുഖ സർവ്വകലാശാലയിൽ പഠനത്തിന് അവസരം ലഭിച്ച 100 പെൺകുട്ടികളെയാണ് താലിബാൻ പിടിച്ചുവെച്ചതെന്ന് ന്യൂസ് ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. പ്രമുഖ യുഎഇ വ്യവസായിയായ ഖലാഫ് അൽ ഹബ്തൂറിന്റെ ശ്രമഫലമായാണ് വിദ്യാർത്ഥിനികൾക്ക് പ്രവേശം സാധ്യമാക്കിയത്. യാത്രാ ചെലവുകൾ, താമസം, ആരോഗ്യ ഇൻഷുറൻസ്, തുടങ്ങി പഠനത്തിന് ആവശ്യമായ എല്ലാം ചെലവുകളും വഹിച്ചാണ് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് അൽ-ഹബ്തൂർ സൗകര്യമൊരുക്കിയത്.
പെൺകുട്ടികളെ താലിബാൻ തടഞ്ഞുവെച്ച് സംഭവത്തിൽ കടുത്ത നിരാശയും ആശങ്കയും അൽ ഹബ്തൂർ രേഖപ്പെടുത്തി. യുവതികളുടെ വിദ്യാഭ്യാസത്തിനും അഭിലാഷങ്ങൾക്കും തടസ്സപ്പെടുത്തിയ താലിബാന്റെ നടപടിയെ കടുത്ത ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. ദുബായിൽ ഹോസ്പിറ്റാലിറ്റി, ഓട്ടോമോട്ടീവ്, വിദ്യാഭ്യാസം, പ്രസിദ്ധീകരണം തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന
പ്രമുഖ ബിസിനസ് ഗ്രൂപ്പാണ് അൽ ഹബ്തൂർ.
കൃത്യമായ കാരണങ്ങളില്ലാതെയാണ് താലിബാൻ സേന തങ്ങളെ യാത്രയിൽ നിന്ന് തടഞ്ഞതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമത്തിന് നൽകിയ ശബ്ദ സന്ദേശത്തിൽ പെൺകുട്ടികൾ പറഞ്ഞു. 2021-ൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് കടുത്ത മനുഷ്യാവകാശ ലംഘനമാണ് നേരിടേണ്ടി വരുന്നത്. യുദ്ധത്തിൽ തകർന്ന രാജ്യത്തെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും വിദ്യാഭ്യാസം, ജോലി, പൊതു ഇടങ്ങൾ എന്നിവയിൽ പ്രവേശനമില്ല. സ്ത്രീകൾക്കും പെൺകുട്ടികൾക്കും കൂട്ടായ്മ, ഒത്തുചേരൽ, സഞ്ചാരസ്വാതന്ത്ര്യം എന്നിവയ്‌ക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസത്തിനും തൊഴിലിനും പ്രവേശനം നൽകണമെന്ന യുഎൻ അടക്കമുള്ള സംഘടനകളുടെ ആവശ്യങ്ങൾ താലിബാൻ നേതാക്കൾ പുച്ഛിച്ച് തളളുകയാണ്. അഫ്ഗാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് അവർ മറ്റ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
















Comments