ആലപ്പുഴ: ട്രെയിനിൽ അച്ഛനൊടൊപ്പം യാത്രചെയ്ത വിദ്യാർഥി മരിച്ചനിലയിൽ. മാവേലിക്കര അറനൂറ്റിമംഗലം സ്വദേശി ധ്രുവൻ ശ്രീഹരി(21) ആണ് മരിച്ചത്. ബെംഗളൂരുവിലേക്കുള്ള സ്‌പെഷ്യൽ തീവണ്ടിയിൽ യാത്രചെയ്യവേ ബുധനാഴ്ച പുലർച്ചേയാണ് സംഭവം. മാവേലിക്കര പുതിയ വീട്ടിൽ ശ്രീഹരിയുടെയും ഭരണിക്കാവ് വടക്ക് നല്ലവീട്ടിൽ ദീപയുടെയും മകനാണ് ധ്രുവൻ ശ്രീഹരി.
താഴത്തെ ബർത്തിലാണ് ധ്രുവൻ ഉറങ്ങാൻ കിടന്നിരുന്നത്. പുലർച്ചേ നാലിന് ഈറോഡിൽ എത്തിയപ്പോഴാണ് മകൻ പ്രതികരിക്കാത്ത് അച്ഛൻ കണ്ടത്. ഉടൻ ടി.ടി.ഇ.യെ വിവരം അറിയിക്കുകയും ട്രെയിൻ ഈറോഡിനടുത്തുള്ള ശങ്കരിദുർഗ് സ്റ്റേഷനിൽ നിർത്തുകയും ചെയ്തു. അവിടത്തെ സ്റ്റേഷൻ മാസ്റ്റർ ഡോക്ടറെ വരുത്തി പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. ഉറക്കത്തിനിടയിലെ ഹൃദയാഘാതമാണ് മരണകാരണമെന്നാണു സൂചന.
ഒരാഴ്ച മുൻപാണ് ധ്രുവൻ നാട്ടിലെത്തിയത്. ബിരുദപഠനം കഴിഞ്ഞ ധ്രുവൻ ബെംഗളൂരുവിൽ ഉപരിപഠനത്തിലായിരുന്നു.അച്ഛൻ ശ്രീഹരിക്ക് ബെംഗളൂരുവിൽ ബിസിനസാണ്.ചൊവ്വാഴ്ച രാത്രിയിലാണ് കായംകുളത്തുനിന്ന് അച്ഛനോടൊപ്പം ധ്രുവ് ബെംഗളൂരുവിലേക്കു യാത്രതിരിച്ചത്. അമ്മ ദീപ അവിടെത്തന്നെ ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപികയാണ്.
















Comments