ജൊഹനാസ്ബർഗ്: ബ്രിക്‌സിലെ അംഗരാജ്യങ്ങളുമായി ഇന്ത്യയ്‌ക്കുള്ളത് ചരിത്രപരമായ ബന്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതുതായി ബ്രിക്‌സിലെത്തിയ അർജന്റീന, ഈജിപ്ത്, എത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളുമായി ഇന്ത്യയ്‌ക്ക് ചരിത്രപരവും സാംസ്‌കാരികപരവുമായ ബന്ധമാണ് ഉള്ളത്. ബ്രിക്‌സ് അംഗങ്ങളായി ക്ഷണിക്കപ്പെട്ട പുതിയ ആറ് രാഷ്‌ട്ര തലവന്മാരെയും അഭിനന്ദിക്കുന്നുവെന്നും ഇത്തരം കൂട്ടായ പ്രവർത്തനങ്ങളെ ഇന്ത്യ എപ്പോഴും പിന്തുണക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ അംഗങ്ങളെ ചേർക്കുന്നതോടെ ബ്രിക്‌സ് കൂട്ടയ്മ ശക്തിപ്പെടുത്തുമെന്ന് ഇന്ത്യ വിശ്വസിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ബ്രിക്‌സിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾക്കും ഇന്ത്യ പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു. ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന 18-ാമത് ജി-20 ഉച്ചകോടിയുടെ വിജയകരമായ ആതിഥേയത്വത്തിനായി രാജ്യം പ്രതീക്ഷിയോട് കാത്തിരിക്കുകയാണെന്നും ഉച്ചകോടിയിലൂടെ വികസ്വര രാജ്യങ്ങളുടെ ശബ്ദം ലോകത്ത് ഉയരുമെന്നും ഇതുവഴി രാജ്യങ്ങളെ സമന്വയിപ്പിക്കാൻ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
2024 ജനുവരി മുതൽ അർജന്റീന, ഈജിപ്ത്, എത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യുഎഇ രാജ്യങ്ങളുടെ ബ്രിക്‌സ് അംഗത്വം പ്രാബല്യത്തിൽ വരും. ബ്രിക്‌സ് ഉച്ചകോടിയിൽ പാകിസ്താനെ ചേർക്കണമെന്ന ചൈനയുടെ നിലപാടിനെ ഇന്ത്യ അതിശക്തമായി എതിർത്തിരുന്നു. ഇന്ത്യയുടെ എതിർപ്പിനെ തുടർന്നാണ് ചൈന നിലപാടിൽ നിന്ന് പിന്മാറിയത്.
















Comments